ഭാവി ഗ്ലോബല്‍ സൗത്തിന്റേതെന്ന് ഇറാന്‍ സ്പീക്കര്‍

ഭാവി ഗ്ലോബല്‍ സൗത്തിന്റേതെന്ന് ഇറാന്‍ സ്പീക്കര്‍


തെഹ്‌റാന്‍: ചൈനയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലും ഫെബ്രുവരിയില്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ച അമേരിക്ക- ഇറാന്‍ ചര്‍ച്ചകളില്‍ പ്രധാന പ്രതിനിധിയായിരുന്നു  ഗാലിബാഫ്.

നിയമനം ആരുടെ നേതൃത്വത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ചൈനയുമായുള്ള വിവിധ മേഖലകളിലെ സഹകരണം ഏകോപിപ്പിക്കാനുള്ള ചുമതലയാണ് ഗാലിബാഫിന് നല്‍കിയിരിക്കുന്നതെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിയമനത്തിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഗോള രാഷ്ട്രീയ കാഴ്ചപ്പാടിനെ പിന്തുണച്ച് ഗാലിബാഫ് രംഗത്തെത്തി. ലോകം പുതിയൊരു വ്യവസ്ഥയുടെ വക്കിലാണെന്നും ഒരു നൂറ്റാണ്ടിനിടെ കാണാത്ത തരത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗ്ലോബല്‍ സൗത്തിന്റേതാണ് ഭാവിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്. യുദ്ധസാഹചര്യത്തില്‍ ഇറാനെ അമേരിക്കയുമായി ചര്‍ച്ചാമേശയിലെത്തിക്കാന്‍ ചൈന രഹസ്യ നയതന്ത്ര ഇടപെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ഇറാനിയന്‍ ജനതയുടെ 70 ദിവസത്തെ പ്രതിരോധമാണ് ആഗോള മാറ്റത്തിന്റെ വേഗം കൂട്ടിയതെന്നും ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക- സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കെതിരായ ഇറാന്റെ നിലപാടാണ് പുതിയ ലോകക്രമത്തിന്റെ രൂപീകരണത്തെ വേഗത്തിലാക്കിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും പ്രധാന എണ്ണവാങ്ങുന്ന രാജ്യവുമാണ് ചൈന. പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ഇറാന്റെ ഭൂരിഭാഗം ക്രൂഡ് ഓയില്‍ കയറ്റുമതിയും ബീജിംഗ് വാങ്ങുന്നുണ്ട്. സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ധനകാര്യ ശൃംഖലകള്‍, ഇടനില കമ്പനികള്‍, കപ്പല്‍ ഗതാഗത സംവിധാനങ്ങള്‍ എന്നിവ വഴിയും ചൈന ഇറാനെ സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

2021ല്‍ ഇറാനും ചൈനയും 25 വര്‍ഷത്തേക്കുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഊര്‍ജം, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ വന്‍ ചൈനീസ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രതീക്ഷിച്ച തോതിലുള്ള നിക്ഷേപം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.

അതേസമയം, ഗള്‍ഫ് അറബ് രാജ്യങ്ങളുമായും ശക്തമായ ബന്ധം തുടരുന്ന ചൈന, പാശ്ചാത്യ ഉപരോധ ഭീഷണി ഒഴിവാക്കാന്‍ ഇറാനുമായി ശക്തമായ അടുപ്പത്തിലേക്ക് കടക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

വാഷിങ്ടണിന്റെ കാഴ്ചപ്പാടില്‍ ഗാലിബാഫ് പ്രായോഗിക സമീപനവും കടുത്ത ഇസ്ലാമിക് ഭരണകൂട നിലപാടുകളും ഒരുമിച്ചുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ സുരക്ഷാ- രാഷ്ട്രീയ സംവിധാനങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ രഹസ്യ നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന നേതാവായും അമേരിക്ക കാണുന്നു.

ആണവ നയം, മേഖലാ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാന നിലപാടുകളോട് ഗാലിബാഫ് ശക്തമായി ചേര്‍ന്നുനില്‍ക്കുന്നുവെന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ അമേരിക്ക വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള തന്ത്രപരമായ നീക്കങ്ങളാണെന്ന വിലയിരുത്തലും അമേരിക്കന്‍ നയതന്ത്ര വൃത്തങ്ങളില്‍ നിലനില്‍ക്കുന്നു.