ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളായ കോങ്കോയും ഉഗാണ്ടയും വീണ്ടും എബോള വൈറസ് വ്യാപനത്തിന്റെ ഭീഷണിയിലായി. ബുണ്ടിബുഗ്യോ വൈറസാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 80 പേര്‍ എബോള ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോങ്കോയുടെ കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എട്ട് പേരില്‍ രോഗം ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഏപ്രില്‍ 24ന് മരിച്ച ബുനിയ സ്വദേശിനിയായ ഒരു നഴ്‌സാണ് ആദ്യ രോഗിയെന്നാണ് സംശയം.
'ബുണ്ടിബുഗ്യോ' വിഭാഗത്തില്‍പ്പെടുന്ന എബോള വൈറസാണ് ഇപ്പോള്‍ കോങ്കോയില്‍ വ്യാപിക്കുന്നത്. ഈ വൈറസ് വകഭേദത്തിനെതിരെ നിലവില്‍ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലും സ്വര്‍ണ ഖനന നഗരങ്ങളായ മോങ്വാലു, റമ്പാറ എന്നിവിടങ്ങളിലുമാണ് രോഗബാധ പ്രധാനമായും കണ്ടെത്തിയത്. ഉഗാണ്ടയിലും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മരിച്ച 59കാരനില്‍ എബോള സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
നിലവിലെ സാഹചര്യം ആഗോള മഹാമാരിയായി പ്രഖ്യാപിക്കേണ്ട ഘട്ടത്തിലെത്തിയിട്ടില്ലെങ്കിലും രോഗബാധിതരുടെ യഥാര്‍ഥ എണ്ണത്തെയും രോഗവ്യാപനത്തിന്റെ വ്യാപ്തിയെയും കുറിച്ച് വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഡി ആര്‍ കോങ്കോയും ഉഗാണ്ടയും അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
1976-ലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കോങ്കോയില്‍ കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്ന് പടര്‍ന്നതാണെന്ന് കരുതുന്ന ഈ മാരക വൈറസിന്റെ 17-ാമത് വ്യാപനമാണ് ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തുടര്‍ന്ന് രക്തം, ഛര്‍ദി, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും രോഗം പകരുന്നു. 2018 മുതല്‍ 2020 വരെ കിഴക്കന്‍ കോങ്കോയില്‍ ഉണ്ടായ എബോള വ്യാപനത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.
