മോസ്‌കോ: യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു ഇന്ത്യന്‍ തൊഴിലാളിയും ഉള്‍പ്പെടുന്നു. മോസ്‌കോ മേഖലയുള്‍പ്പെടെ റഷ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ന്‍ ആക്രമണം നടത്തിയത്. മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രാത്രിയോടെ 556 ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. പുലര്‍ച്ചയ്ക്കുശേഷം 30 ഡ്രോണുകള്‍ കൂടി നിര്‍വീര്യമാക്കിയതായും അധികൃതര്‍ അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
മോസ്‌കോ മേഖലയിലെ ആക്രമണത്തിലാണ് ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടത്. ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ അറിയിച്ചു. എംബസി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ കാണുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തിയ എംബസി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കമ്പനി അധികൃതരുമായും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചുവരികയാണെന്നും അറിയിച്ചു.
റഷ്യന്‍ വ്യോമ പ്രതിരോധ സേന 14 മേഖലകളിലായി ഡ്രോണുകള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റഷ്യ കൈവശപ്പെടുത്തിയ ക്രിമിയ മേഖലയിലും ബ്ലാക്ക് സീ, അസോവ് കടല്‍ മേഖലകളിലും ആക്രമണശ്രമങ്ങള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു. മോസ്‌കോ പരിസര പ്രദേശങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്.
ഒരു ഡ്രോണ്‍ സ്വകാര്യ വസതിയില്‍ പതിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരാള്‍ കൂടി അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മോസ്‌കോ മേഖലാ ഗവര്‍ണര്‍ ആന്‍ഡ്രേ വൊറോബ്യോവ് ടെലഗ്രാമില്‍ കുറിച്ചു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
രാവിലെ മൂന്ന് മണി മുതല്‍ തലസ്ഥാന മേഖലയെ ലക്ഷ്യമിട്ട വന്‍ ഡ്രോണ്‍ ആക്രമണം വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റതായും ചില അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം റഷ്യ നടത്തിയ കീവ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ ആക്രമണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
റഷ്യ യുദ്ധം തുടരുകയും തങ്ങളുടെ നഗരങ്ങളെയും ജനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നതിനുള്ള മറുപടിയാണ് ഇതെന്നും ഇത്തവണ യുക്രെയ്നിന്റെ ദീര്‍ഘദൂര പ്രഹരങ്ങള്‍ മോസ്‌കോ മേഖലയിലെത്തിയെന്നും റഷ്യ ഈ യുദ്ധം അവസാനിപ്പിക്കേണ്ട സമയം എത്തിയെന്ന് തങ്ങള്‍ വ്യക്തമാക്കുകയാണെന്നും സെലന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
