അബുദാബി: അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന ബറാക ആണവോര്‍ജ നിലയത്തിന്റെ പരിസരത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. വൈദ്യുതി ജനറേറ്ററില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റേഡിയേഷന്‍ സുരക്ഷാ നിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
അല്‍ ദഫ്‌റ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബറാക പ്ലാന്റിന്റെ ആന്തരിക സുരക്ഷാ വളയത്തിന് പുറത്താണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ സംഭവത്തില്‍ ആണവ നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ ബാധിച്ചിട്ടില്ല. പ്ലാന്റിലെ എല്ലാ യൂണിറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസ്സി കടുത്ത ആശങ്ക രേഖപ്പെടുത്തി. ആണവ നിലയങ്ങളുടെ സമീപത്ത് സൈനിക നടപടികള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ആണവ അപകടസാധ്യത ഒഴിവാക്കാന്‍ പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബറാക ആണവ നിലയത്തിലെ റേഡിയേഷന്‍ നില സാധാരണ നിലയിലാണെന്നും ആക്രമണത്തില്‍ ആരും പരിക്കേറ്റിട്ടില്ലെന്നും യു എ ഇ അധികൃതര്‍ അറിയിച്ചതായും പ്ലാന്റിന്റെ മൂന്നാം യൂണിറ്റിലേക്ക് അടിയന്തര ഡീസല്‍ ജനറേറ്ററുകള്‍ വഴി വൈദ്യുതി വിതരണം തുടരുകയാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന് പിന്നാലെ യു എ ഇ നേരിടുന്ന തുടര്‍ച്ചയായ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളുടെ ഭാഗമായാണ് പുതിയ ആക്രമണം. ഏപ്രില്‍ 8ന് അമേരിക്കയും ഇറാനും തമ്മില്‍ ഉണ്ടായ വ്യവസ്ഥാപിത വെടിനിര്‍ത്തലിനെ തുടര്‍ന്ന് കുറച്ച് ആഴ്ചകള്‍ സമാധാനാവസ്ഥ നിലനിന്നിരുന്നുവെങ്കിലും ഈ മാസം തുടക്കത്തില്‍ ഇറാന്‍ വീണ്ടും ആക്രമണം പുന:രാരംഭിക്കുകയായിരുന്നു.
യു എ ഇയുടെ ശുദ്ധോര്‍ജ പദ്ധതികളിലെ നിര്‍ണായക ഘടകമാണ് ബറാക ആണവ നിലയം. രാജ്യത്തിന്റെ 'നെറ്റ് സീറോ' ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വലിയ മുന്നേറ്റമാണിതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുന്‍പ് വിശേഷിപ്പിച്ചിരുന്നു.
2024 സെപ്റ്റംബറില്‍ പൂര്‍ണ പ്രവര്‍ത്തനം ആരംഭിച്ച ബറാക പ്ലാന്റ് വര്‍ഷംതോറും 40 ടെറാവാട്ട് മണിക്കൂര്‍ ശുദ്ധ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് യു എ ഇയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 25 ശതമാനത്തോട് തുല്യമാണ്. വര്‍ഷംതോറും 22.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉത്സര്‍ജനം ഒഴിവാക്കാന്‍ പ്ലാന്റ് സഹായിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
