കെവിന്‍ വാര്‍ഷ് ഫെഡ് റിസര്‍വ് പുതിയ ചെയര്‍മാന്‍

കെവിന്‍ വാര്‍ഷ് ഫെഡ് റിസര്‍വ് പുതിയ ചെയര്‍മാന്‍


വാഷിങ്ടണ്‍: പണപ്പെരുപ്പവും കടുത്ത രാഷ്ട്രീയ സമ്മര്‍ദവും നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വന്റെ പുതിയ ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ യു എസ് സെനറ്റ് അംഗീകരിച്ചു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 54- 45 എന്ന നിലയ്ക്കാണ് വാര്‍ഷിന് അംഗീകാരം ലഭിച്ചത്.

ഡൊണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത വാര്‍ഷ്, നിലവിലെ ചെയര്‍മാനായ ജെറോം പവലിന് പകരം നാലുവര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുന്നത്.

പണപ്പെരുപ്പ നിയന്ത്രണത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതായി അറിയപ്പെട്ടിരുന്ന വാര്‍ഷ് പലിശനിരക്ക് കുറയ്ക്കണമെന്ന പക്ഷക്കാരന്‍ കൂടിയാണ്. 

ഫെഡറല്‍ റിസര്‍വ് അതിരുകടന്ന് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്നും പൊതുജനങ്ങളോട് ആശയവിനിമയത്തില്‍ അമിത സുതാര്യത പുലര്‍ത്തുന്നുവെന്നും വിമര്‍ശിച്ച വാര്‍ഷ് കേന്ദ്രബാങ്കില്‍ ഭരണപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.

എന്നാല്‍ യു എസ്- ഇറാന്‍ സംഘര്‍ഷവും എണ്ണവില വര്‍ധനയും മൂലം പണപ്പെരുപ്പം ഫെഡിന്റെ ദീര്‍ഘകാല ലക്ഷ്യമായ രണ്ട് ശതമാനത്തിന് മുകളിലായി തുടരുന്നതിനാല്‍ പലിശനിരക്ക് വേഗത്തില്‍ കുറയ്ക്കാന്‍ വാര്‍ഷിന് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

വാര്‍ഷിന്റെ ഏറ്റവും വലിയ വെല്ലുവിളി ട്രംപുമായുള്ള ബന്ധമായിരിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകന്‍ ഡേവിഡ് വെസ്സല്‍ അഭിപ്രായപ്പെട്ടത്.  ഫെഡിന്റെ സ്വാതന്ത്ര്യത്തെ ട്രംപ് ബഹുമാനിക്കുന്നില്ലെന്നും പലിശനിരക്ക് കുറയണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നും വെസ്സല്‍ പറഞ്ഞു. 

ജനുവരിയില്‍ ഫെഡറല്‍ റിസര്‍വ് നവീകരണ പദ്ധതിയിലെ ചെലവുകൂടുതലുമായി ബന്ധപ്പെട്ട നീതിന്യായ വകുപ്പ് അന്വേഷണം ധനനയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചതായി ജെറോം പവല്‍ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഫെഡ് ഗവര്‍ണറായ ലിസ കുക്കിനെ നീക്കാനുള്ള ട്രംപിന്റെ ശ്രമവും വിവാദമായിരുന്നു.

ഫെഡ് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും പ്രസിഡന്റ് ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് ഇതെന്നാണ് ബാങ്കിംഗ് നിയമ വിദഗ്ധ കാതറിന്‍ ജഡ്ജ് വിലയിരുത്തിയത്. 

പലിശനിരക്ക് നിശ്ചയിക്കുന്ന ഫെഡറല്‍ സമിതിക്കുള്ളിലും ഭിന്നത ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കൂടുതല്‍ പലിശനിരക്ക് വര്‍ധന വേണമെന്ന് അടുത്തിടെ മൂന്ന് അംഗങ്ങള്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, ചെയര്‍മാന്‍ പദവി ഒഴിഞ്ഞ ശേഷവും ജെറോം പവല്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡില്‍ തുടരുമെന്ന തീരുമാനം 70 വര്‍ഷത്തിനിടയിലെ ആദ്യ സംഭവമായും വിലയിരുത്തുന്നു.

യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെറ്റ് വാര്‍ഷിന്റെ നിയമനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഫെഡിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ആരോപിച്ച് നിയമനത്തെ എതിര്‍ത്തു.

താന്‍ പ്രസിഡന്റിന്റെ കളിപ്പാവയാകില്ല എന്നാണ് സെനറ്റ് ഹിയറിംഗില്‍ വാര്‍ഷ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി.