അര്‍ബുദം ഭേദമായ വെയില്‍സ് രാജകുമാരിക്ക് ഇറ്റലിയില്‍ ഹൃദ്യമായ സ്വീകരണം

അര്‍ബുദം ഭേദമായ വെയില്‍സ് രാജകുമാരിക്ക് ഇറ്റലിയില്‍ ഹൃദ്യമായ സ്വീകരണം


റോം: അര്‍ബുദ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ശേഷം ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന് ഇറ്റലിയിലെത്തിയ ബ്രിട്ടണിലെ വെയില്‍സ് രാജകുമാരി കാതറിന് മികച്ച സ്വീകരണം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി വടക്കന്‍ ഇറ്റലിയിലെ റെഗ്ഗിയോ എമിലിയ നഗരത്തിലെത്തിയ രാജകുമാരിയെ നൂറുകണക്കിന് ആളുകളാണ് കൈയടികളോടെയും ബ്രിട്ടീഷ് പതാകകളോടെയും വരവേറ്റത്. നഗര മേയര്‍ മാര്‍ക്കോ മസ്സാരിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

ബ്രിട്ടീഷ് സിംഹാസനാവകാശിയായ വില്ല്യം രാജകുമാരന്റെ ഭാര്യയായ കേറ്റ്, മക്കളായ ജോര്‍ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍  എന്നിവരുടെ അമ്മ കൂടിയാണ്. 

44-കാരിയായ കേറ്റിന്റെ സന്ദര്‍ശനം പ്രധാനമായും ശിശുവികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിക്കുന്നതെന്ന് കെന്‍സിംഗ്ടണ്‍ പാലസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

2022 ഡിസംബറില്‍ അമേരിക്കയിലെ ബോസ്റ്റണ്‍ സന്ദര്‍ശിച്ചതിന് ശേഷമുള്ള ആദ്യ വിദേശ ഔദ്യോഗിക യാത്രയാണിത്. 

2024 മാര്‍ച്ചിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായി കേറ്റ് പൊതുജനങ്ങളെ അറിയിച്ചത്. എന്നാല്‍ രോഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് കീമോതെറാപ്പി ചികിത്സ ആരംഭിച്ചതായും അവര്‍ വ്യക്തമാക്കിയിരുന്നു.

2025 ജനുവരിയില്‍ കാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതയായതായി കേറ്റ് അറിയിക്കുകയും പിന്നീട് പതുക്കെ പൊതുപരിപാടികളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.