മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവായ ഇസ്മായില്‍ 'എല്‍ മായോ' സാംബാഡയെ യുഎസ് അറസ്റ്റ് ചെയ്തു

മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവായ ഇസ്മായില്‍ 'എല്‍ മായോ' സാംബാഡയെ യുഎസ് അറസ്റ്റ് ചെയ്തു


ടെക്‌സസ്: ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയകളിലൊരാളായ മെക്‌സിക്കോയിലെ സിനാലോവ കാര്‍ട്ടലിന്റെ നേതാവായ ഇസ്മായില്‍ 'എല്‍ മായോ' സാംബഡയെ ടെക്‌സസിലെ എല്‍ പാസോയില്‍ യുഎസ് ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു.

76 കാരനായ സാംബഡ, നിലവില്‍ യുഎസില്‍ ജയിലിലുള്ള ജോക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാനുമായി ചേര്‍ന്ന് ക്രൈം സിന്‍ഡിക്കേറ്റ് സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സാംബഡയ്‌ക്കൊപ്പം ഗുസ്മാന്റെ മകന്‍ ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസിനെയും അറസ്റ്റ് ചെയ്തതായി വ്യാഴാഴ്ച യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

യുഎസ് ഒപിയോയിഡ് പ്രതിസന്ധിക്ക് കാരണമായി ആരോപിക്കപ്പെടുന്ന ഹെറോയിനേക്കാള്‍ ശക്തമായ മരുന്നായ ഫെന്റാനൈല്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ സാംബാഡയ്‌ക്കെതിരെ ഫെബ്രുവരിയില്‍ കുറ്റം ചുമത്തിയത്.

'ലോകത്തിലെ ഏറ്റവും അക്രമപരവും ശക്തവുമായ മയക്കുമരുന്ന് കടത്ത് സംഘടനകളിലൊന്നിനെ നയിക്കുന്നവരാണ് ഇരുവരും' എന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് വ്യാഴാഴ്ച വൈകുന്നേരം ഒരു രേഖാമൂലമുള്ള പ്രസ്താവനയില്‍, അഭിപ്രായപ്പെട്ടു.

'അമേരിക്കയില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ സിനാലോവ കാര്‍ട്ടല്‍ നേതാക്കളുടെയും കൂട്ടാളികളുടെയും പട്ടികയില്‍ എല്‍ മായോയും ഗുസ്മാന്‍ ലോപ്പസും ഉള്‍പ്പെടുന്നുവെന്നും ഗാര്‍ലന്‍ഡ് പറഞ്ഞു.

'അമേരിക്ക ഇതുവരെ അഭിമുഖീകരിച്ചതില്‍ വച്ച് ഏറ്റവും മാരകമായ മയക്കുമരുന്ന് ഭീഷണിയാണ് ഫെന്റനൈല്‍, നമ്മുടെ കമ്മ്യൂണിറ്റികളെ വിഷലിപ്തമാക്കിയതിന് ഉത്തരവാദികളായ ഓരോ കാര്‍ട്ടല്‍ നേതാവും അംഗവും കൂട്ടാളികളും ഉത്തരവാദികള്‍ ആകുന്നതുവരെ നീതിന്യായ വകുപ്പ് വിശ്രമിക്കില്ലെന്ന്  യുഎസിലെ ഉന്നത നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഗാര്‍ലന്‍ഡ് കൂട്ടിച്ചേര്‍ത്തു.

യുഎസിലേക്ക് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് സിനാലോവ സംഘമാണെന്ന് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

സാംബാഡയെ പിടികൂടുന്നതിന് യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) 15 മില്യണ്‍ ഡോളര്‍ (12 മില്യണ്‍ പൌണ്ട്) വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

2019-ല്‍ ജോക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷനെ ഭയപ്പെടാതെ പരസ്യമായി ജീവിക്കുന്നതിന് പകരമായി സാംബഡ 'മുഴുവന്‍' മെക്‌സിക്കന്‍ സര്‍ക്കാരിനും കൈക്കൂലി നല്‍കിയെന്ന് ആരോപിക്കപ്പെട്ടിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 'ഒരു വലിയ പാല്‍ കമ്പനി, ഒരു ബസ് ലൈന്‍, ഒരു ഹോട്ടല്‍', റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ മെക്‌സിക്കോയിലെ നിരവധി നിയമാനുസൃത ബിസിനസുകളുടെ ഉടമ കൂടിയാണ് സാംബാഡ.

ഫെന്റനൈല്‍ കുറ്റങ്ങള്‍ക്കൊപ്പം, മയക്കുമരുന്ന് കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ യുഎസില്‍ നേരിടുന്നുണ്ട്.

18 നും 45 നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണം ഫെന്റാനൈലാണെന്ന് യുഎസ് അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

മെയ് മാസത്തില്‍, സാംബഡയുടെ അനന്തരവന്‍-'ചിയോ ആന്‍ട്രാക്‌സ്' എന്നറിയപ്പെട്ടിരുന്ന എലിസിയോ ഇംപീരിയല്‍ കാസ്‌ട്രോ-മെക്‌സിക്കോയില്‍ നടന്ന ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊടുംകുറ്റവാളിയായ അയാള്‍ക്കെതിരെ അമേരിക്കയിലും അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് രാജാവും അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ളയാളുമായിരുന്നു സാംബാഡ.