യു എസില്‍ കാണാതായ ഇന്ത്യന്‍ വംശജര്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍

യു എസില്‍ കാണാതായ ഇന്ത്യന്‍ വംശജര്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍


ന്യൂയോര്‍ക്ക്: യു എസില്‍ ക്ഷേത്ര ദര്‍ശന യാത്രയ്ക്കിടെ കാണാതായ നാല് ഇന്ത്യന്‍ വംശജരെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 

ആശ ദിവാന്‍ (85), ദിവാന്‍ (89), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് മരിച്ചത്. നാല് പേരും ബന്ധുക്കളാണ്. 

പടിഞ്ഞാറന്‍ വിര്‍ജീനിയയിലെ മാര്‍ഷലിലുള്ള പ്രഭുപാദാസ് പാലസ് ഓഫ് ഗോള്‍ഡിലേക്കുള്ള യാത്രക്കിടെ നാലു പേരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കാര്‍ അപകടത്തില്‍ പെട്ടത് തിരിച്ചറിഞ്ഞത്. അപകട കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. മാര്‍ഷാലില്‍ നിന്നാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ഇളം പച്ച നിറമുള്ള ടൊയോട്ട കാമ്രിയില്‍ യാത്ര തിരിച്ച സംഘത്തെ പെനിസില്‍വാനിയയില്‍ നിന്നാണ് കാണാതായത്. ജൂലൈ 29ന് ഇവര്‍ പെനിസില്‍വാനിയയിലെ ബര്‍ഗര്‍ കിങ്ങിനു സമീപത്തുണ്ടായിരുന്നതായി സിസിടിവി ക്യാമറകളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു. ക്രെഡിറ്റ് കാര്‍ഡ് അവസാനമായി ഉപയോഗിച്ചതും ഇവിടെയായിരുന്നു. 

ഹെലികോപ്റ്ററുകള്‍ വിന്യസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള കുന്നിന്‍ മുകളിലാണ് വാഹനവും അപകടത്തില്‍ മരിച്ചവരുമുണ്ടായിരുന്നത്.

യു എസില്‍ കാണാതായ ഇന്ത്യന്‍ വംശജര്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍