ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സുപ്രീംകോടതിയോട് യുഎസ് സര്‍ക്കാര്‍

ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സുപ്രീംകോടതിയോട് യുഎസ് സര്‍ക്കാര്‍


വാഷിംഗ്ടണ്‍: തന്നെ ഇന്ത്യക്കു കൈമാറുന്നതിനെതിരേ 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ ഹുസൈന്‍ റാണ നല്‍കിയ റിട്ട് ഹര്‍ജി തള്ളണമെന്ന് യു.എസ്. സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു.

പാക്-കനേഡിയന്‍ വംശജനായ റാണയെ കൈമാറണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. ഇതിനെതിരേ കീഴ്ക്കോടതികളിലും വിവിധ ഫെഡറല്‍ കോടതികളിലും നല്‍കിയ ഹര്‍ജികള്‍ തള്ളിയതോടെയാണ് നവംബര്‍ 13-ന് റാണ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ഇന്ത്യക്കു കൈമാറുന്നത് തടയാനുള്ള റാണയുടെ അവസാന നിയമാവസരമാണ് റിട്ട് ഹര്‍ജി.

ഇത് തള്ളിക്കളയണമെന്ന് യു.എസ്. സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് ബി. പ്രെലോഗര്‍ തിങ്കളാഴ്ച സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കു കൈമാറുന്നതില്‍നിന്ന് ഇളവ് ലഭിക്കാന്‍ റാണയ്ക്ക് അര്‍ഹതയില്ലെന്ന് അവര്‍ വാദിച്ചു. നിലവില്‍ ലോസ് ആഞ്ജലീസിലെ ജയിലിലാണ് റാണ.

2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ ഷിക്കാഗോ ഫെഡറല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ താന്‍ കുറ്റവിമുക്തനായെന്ന് റാണ വാദിച്ചു. സമാന കുറ്റങ്ങള്‍ ചുമത്തിയുള്ള വിചാരണയ്ക്കായാണ് ഇന്ത്യക്കു കൈമാറുന്നതെന്ന് പെറ്റീഷനില്‍ പറയുന്നു.