ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നിഖില്‍ ഗുപ്തയെ യുഎസിന് കൈമാറാന്‍ ചെക്ക് റിപ്പബ്ലിക് കോടതിയുടെ അനുമതി.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ചെക്ക് അധികൃതര്‍ ഗുപ്തയെ അറസ്റ്റ് ചെയ്ത് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് അമേരിക്കയ്ക്ക് കൈമാറാന്‍ ചെക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
2023 നവംബര്‍ 23-ലെ പ്രാഗിലെ മുനിസിപ്പല്‍ കോടതിയുടെയും 2024 ജനുവരി 8-ലെ പ്രാഗിലെ ഹൈക്കോടതിയുടെയും വിധി ചോദ്യം ചെയ്ത ഗുപ്തയുടെ വാദങ്ങളെ നിരസിച്ചുകൊണ്ടാണ് ചെക്ക് റിപ്പബ്ലിക്കിലെ ഭരണഘടനാ കോടതി യുഎസിന് കൈമാറാനുള്ള തീരുമാനത്തിലേക്കെത്തിയത്.
രണ്ട് കീഴ്ക്കോടതികളും താന്‍ ആരോപിക്കപ്പെട്ട നടപടിയുടെ രാഷ്ട്രീയ സ്വഭാവം പരിശോധിച്ചിട്ടില്ലെന്ന് വാദിച്ചാണ് ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.
ഗുപ്തയുടെ അഭിഭാഷകന്റെ വാദത്തോട് ഭരണഘടനാ കോടതി വിയോജിച്ചു. യുഎസ് സര്‍ക്കാര്‍ നല്‍കിയ എല്ലാ കൈമാറല്‍ രേഖകളും കോടതികള്‍ നന്നായി പരിശോധിച്ചുവെന്ന് മാത്രമല്ല, ഗുപ്തയുടെ എതിര്‍പ്പുകള്‍ക്ക് മറുപടിയായി യുഎസ് നല്‍കിയ അധിക വിവരങ്ങളും കോടതികള്‍ പരിശോധിച്ചു. അതേ സമയം ഗുപ്തയെ കൈമാറാനുള്ള അന്തിമ തീരുമാനം ചെക്ക് നീതിന്യായ മന്ത്രാലയത്തിന്റേതായിരിക്കും.
ഭരണഘടനാ കോടതി തീരുമാനിക്കുന്നത് വരെ ഗുപ്തയെ കൈമാറുന്നതിനോ നിരസിക്കുന്നതിനോ നീതിന്യായ മന്ത്രാലയത്തിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ചെക്ക് നീതിന്യായ മന്ത്രാലയത്തിന്റെ വക്താവ് മാര്‍ക്കെറ്റ ആന്‍ഡ്രോവ പറഞ്ഞത്.
യുഎസിനും ചെക്ക് റിപ്പബ്ലിക്കിനുമിടയില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് ഗുപ്തയെ കൈമാറണമെന്ന് യുഎസ് ആവശ്യപ്പെടുന്നത്.
പന്നൂന്‍ വധ ഗൂഢാലോചന കേസ്: നിഖില്‍ ഗുപ്തയെ യുഎസിന് കൈമാറാന്‍ ചെക്ക് റിപ്പബ്ലിക് കോടതിയുടെ അനുമതി
