വാഷിങ്ടൺ: വടക്കുകിഴക്കൻ അമേരിക്കയിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നതിനിടെ 2,000ത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഡെലവെയർ മുതൽ ഫിലഡൽഫിയ, ന്യൂയോർക്ക് സിറ്റി, അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് വരെയുള്ള മേഖലകളിൽ ടോർണാഡോ നിരീക്ഷണ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂജഴ്‌സിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നിരവധി ടോർണാഡോ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. പെൻസിൽവാനിയയിലും ന്യൂജഴ്‌സിയിലുമായി ഇതുവരെ കുറഞ്ഞത് മൂന്ന് ടോർണാഡോകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 70 മൈൽ വരെ വേഗത്തിൽ വീശുന്ന കാറ്റ്, വലിയ ആലിപ്പഴ വർഷം, മണിക്കൂറിൽ ഒരു ഇഞ്ചിലധികം മഴ എന്നിവ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഫിലഡൽഫിയ മുതൽ ന്യൂയോർക്ക് സിറ്റിയും കണെറ്റിക്കറ്റും ഉൾപ്പെടുന്ന ഇന്റര്‍സ്റ്റേറ്റ്95 പാതയിലുടനീളം മിന്നൽപ്രളയത്തിനും സാധ്യതയുണ്ട്. ന്യൂജഴ്‌സിയിലെ ബെർഗൻ കൗണ്ടിയിലും ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്റർ കൗണ്ടിയിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മിസൗറി മുതൽ വിർജീനിയ വരെയുള്ള പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് തുടരുകയാണ്. കെന്റക്കിയിലെ ലൂയിവിൽ, വെസ്റ്റ് വിർജീനിയയിലെ ചാൾസ്റ്റൺ, ഒഹായോയിലെ സിൻസിനാറ്റി, പെൻസിൽവാനിയയിലെ പിറ്റ്‌സ്ബർഗ് എന്നിവിടങ്ങളും മുന്നറിയിപ്പ് മേഖലയിലാണ്. ടെന്നസിയിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ന്യൂയോർക്ക് സിറ്റി, ഫിലഡൽഫിയ, വാഷിങ്ടൺ ഡി.സി. എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയാണ് കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ന്യൂയോർക്ക്, വാഷിങ്ടൺ, ബോസ്റ്റൺ, ബാൾട്ടിമോർ വിമാനത്താവളങ്ങളിൽ താൽക്കാലികമായി വിമാനങ്ങളുടെ പറന്നുയരൽ നിർത്തിവെക്കുകയും ചെയ്തു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനിഅഭ്യർഥിച്ചു. ഇടിമിന്നലോ കനത്ത മഴയോ ശക്തമായ കാറ്റോ ഉണ്ടാകുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ കഴിയണമെന്നും ബേസ്‌മെന്റ് വീടുകളിൽ താമസിക്കുന്നവർ അടിയന്തര സാഹചര്യം നേരിടാൻ ഉയർന്ന നിലകളിലേക്ക് മാറാൻ തയ്യാറാകണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച ന്യൂയോർക്ക് സിറ്റിയിൽ പെയ്ത കനത്ത മഴ റോഡുകൾ വെള്ളത്തിനടിയിലാക്കിയതിന് പിന്നാലെയാണ് വീണ്ടും ശക്തമായ മഴയും കൊടുങ്കാറ്റും നഗരത്തെ ബാധിക്കുന്നത്.
അതേസമയം, അയോവ സംസ്ഥാനത്തെ ഡെസ് മോയിൻസിലും തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് ഗുരുതര വെള്ളപ്പൊക്കമുണ്ടായി. ഏകദേശം രണ്ട് ഡസൻ വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും അഞ്ചുപേരെ രക്ഷാപ്രവർത്തകർ സുരക്ഷിതരാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഡെസ് മോയിൻസ് പൊലീസ് മേധാവി മൈക്കൽ മക്ടാഗാർട്ട് അഭ്യർഥിച്ചു.
വടക്കുകിഴക്കൻ അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്; 2,000ത്തിലേറെ വിമാനങ്ങൾ റദ്ദാക്കി, ടോർണാഡോ മുന്നറിയിപ്പ്
