വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ ചെലവ് ഏകദേശം 29 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് പെന്റഗണിന്റെ കംപ്‌ട്രോളര്‍ ജൂള്‍സ് ഹര്‍സ്റ്റ് തേര്‍ഡ് അറിയിച്ചു. യു എസ് പ്രതിനിധി സഭയിലെ പ്രതിരോധ ബജറ്റ് ഉപസമിതിക്ക് മുമ്പാകെ നല്‍കിയ സാക്ഷ്യത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏപ്രില്‍ അവസാനത്തോടെ യുദ്ധച്ചെലവ് 25 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, പകരംവെക്കല്‍ ചെലവുകള്‍, സൈനിക പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി എന്നിവ വര്‍ധിച്ചതോടെ ചെലവ് വീണ്ടും ഉയര്‍ന്നതായി ഹര്‍സ്റ്റ് വ്യക്തമാക്കി.
ജോയിന്റ് സ്റ്റാഫ് സംഘവും കംപ്‌ട്രോളര്‍ സംഘവും ചെലവുകണക്കുകള്‍ നിരന്തരം പരിശോധിച്ചുവരികയാണെന്നും ഇപ്പോഴത്തെ വിലയിരുത്തലനുസരിച്ച് യുദ്ധച്ചെലവ് 29 ബില്യണ്‍ ഡോളറിനടുത്താണെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പുനഃസ്ഥാപനം, സൈനികരെ യുദ്ധമേഖലയില്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് വര്‍ധനവിന് പ്രധാന കാരണമെന്നും ഹര്‍സ്റ്റ് കൂട്ടിച്ചേര്‍ത്തു.
പെന്റഗണ്‍ ഈ കണക്ക് എങ്ങനെ നിര്‍ണയിച്ചതെന്ന് വ്യക്തമല്ല. യുദ്ധത്തിന്റെ ആദ്യ ആറു ദിവസങ്ങള്‍ക്കു മാത്രം 11 ബില്യണ്‍ ഡോളറിലധികം ചെലവായതായി നേരത്തെ പെന്റഗണ്‍ നിയമനിര്‍മ്മാതാക്കളെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് ഹൗസ്- സെനറ്റ് അംഡ് സര്‍വീസ് കമ്മിറ്റികള്‍ക്ക് മുമ്പാകെ ഹാജരായപ്പോള്‍ യുദ്ധച്ചെലവ് 25 ബില്യണ്‍ ഡോളറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തര വിലയിരുത്തലുകളുമായി ബന്ധപ്പെട്ട ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യഥാര്‍ഥ ചെലവ് 50 ബില്യണ്‍ ഡോളറിനടുത്തെത്തിയേക്കാമെന്ന് അന്നേ സൂചന നല്‍കിയിരുന്നു.
അതിനിടെ മാള്‍ട്ട പതാകയുള്ള 'അജിയോസ് ഫനൂരിയോസ്' എന്ന എണ്ണക്കപ്പലിനെ ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതില്‍ നിന്ന് അമേരിക്കന്‍ സൈന്യം തടഞ്ഞതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഉപരോധം ലംഘിച്ചതിനാലാണ് കപ്പലിനെ തടഞ്ഞതെന്നും എന്നാല്‍ കപ്പല്‍ ഇറാനിയന്‍ എണ്ണയൊന്നും കൊണ്ടുപോകുന്നില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് വ്യക്തമാക്കി.
ഇറാനിയന്‍ എണ്ണ കയറ്റുമതിയുമായി ബന്ധമില്ലാത്ത നിരവധി കപ്പലുകളും ഉപരോധ ലംഘനത്തിന്റെ പേരില്‍ പരിശോധിച്ചതായും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും സെന്റ്‌കോം വക്താവ് അറിയിച്ചു.
ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതമായി ഊര്‍ജ്ജവില ഉയര്‍ന്നതോടെ അമേരിക്കയില്‍ പണപ്പെരുപ്പം വീണ്ടും കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വിലക്കയറ്റം അതിവേഗം ഉയരുന്നതോടെ സാധാരണ അമേരിക്കക്കാരുടെ വരുമാനത്തെ അത് ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2023ന് ശേഷം ആദ്യമായി വേതനവര്‍ധനയെക്കാള്‍ വേഗത്തില്‍ വിലക്കയറ്റം ഉയരുന്നതും ഉപഭോക്താക്കളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
