അടിയന്തര ലാൻഡിങ് ശ്രമം പാളി: അമേരിക്കൻ ഹൈവേയിൽ വിമാനം കാറുകളിൽ ഇടിച്ചിറങ്ങി

അടിയന്തര ലാൻഡിങ് ശ്രമം പാളി: അമേരിക്കൻ ഹൈവേയിൽ വിമാനം കാറുകളിൽ ഇടിച്ചിറങ്ങി


വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് തിരക്കേറിയ ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച ചെറു വിമാനം നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി. തിങ്കളാഴ്ച ഗെയ്ൻസ്‌വില്ലിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് ചെറിയ പരുക്കേറ്റതായി പോലീസ് അറിയിച്ചു.

ഒറ്റ എഞ്ചിൻ പരിശീലന വിമാനമായ ഹോക്കർ ബീച്ച്ക്രാഫ്റ്റ് ബിഇ-36ന് എഞ്ചിൻ തകരാർ നേരിട്ടതിനെ തുടർന്ന് പൈലറ്റ് റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിന് വിമാനത്താവളത്തിലെത്താൻ ആവശ്യമായ ശക്തി ലഭിക്കാതിരുന്നതാണ് റോഡിൽ ഇറങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തിരക്കേറിയ റോഡിൽ വിമാനം ഇറങ്ങുന്നതും പിന്നാലെ നിരവധി കാറുകളിൽ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ലാൻഡിങിന് ശേഷം വിമാനത്തിന്റെ വലത് ചിറക് ഒരു വാഹനത്തിൽ ഇടിച്ചുവെന്നും, ഇന്ധന ടാങ്ക് തെറിച്ച് ഒരു എസ്‌യുവിയുടെ പിന്നിലേക്ക് കയറിയെന്നും പോലീസ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് റോഡ് അടച്ചിട്ടു. ഗതാഗതത്തിൽ വലിയ തടസ്സം നേരിടുമെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പും നൽകി.

ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (എൻ.ടി.ബി.സി) അറിയിച്ചു, ഗെയ്ൻവില്ലിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജിയണൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാർ അനുഭവപ്പെട്ടതോടെ പൈലറ്റ് തിരിച്ചിറങ്ങാൻ ശ്രമിച്ചുവെങ്കിലും, വിമാനത്താവളത്തിലെത്താൻ കഴിയാതെ റോഡിൽ നിർബന്ധിത ലാൻഡിങ് നടത്തുകയായിരുന്നു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ് എ എ) പ്രകാരം, ഉച്ചയ്ക്ക് 12.10ഓടെയാണ് എഞ്ചിൻ പ്രശ്‌നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എഫ് എ എ അറിയിച്ചു.