ടെഹ്രാൻ: ഇറാനിലെ ഭരണകൂടത്തിനെതിരേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. പൂരിയ ഹമിദി എന്ന യുവാവാണ് മരിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തുറമുഖ നഗരമായ ബുഷഹറിലെ സ്വദേശിയായിരുന്നു ഹമിദി.
10 മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇറാനിൽ പ്രതിഷേധങ്ങൾ അടിച്ചമർത്തിയതിലൂടെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നാരോപിച്ച് അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചു. 'ഈ വീഡിയോ നിങ്ങൾ കാണുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല' എന്ന വാക്കുകളോടെയാണ് ഹമിദി വീഡിയോ ആരംഭിച്ചത്. ഫെബ്രുവരി 5ന് 'This Is My Sacrifice – Please, Free My Coutnry' എന്ന തലക്കെട്ടോടെയാണ് വീഡിയോ യുട്യൂബിൽ പ്രസിദ്ധീകരിച്ചത്.
അമേരിക്ക ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള കരാറിലെത്തുന്നത് കൊല്ലപ്പെട്ടവരോടുള്ള വഞ്ചനയായിരിക്കുമെന്ന് ഹമിദി പറഞ്ഞു. 'ട്രംപ് ഞങ്ങളോട് പ്രതിഷേധം തുടരാൻ പറഞ്ഞു, ഞങ്ങൾ വിശ്വസിച്ചു. പക്ഷേ ആയുധധാരികളോട് ഒറ്റയ്ക്ക് പോരാടാൻ കഴിയില്ല. വിദേശ ഇടപെടലാണ് ഞങ്ങളുടെ ഏക പ്രതീക്ഷ,' എന്നായിരുന്നു വീഡിയോയിലെ വാക്കുകൾ.
ഇറാനിലെ മതാധിപത്യ ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹമിദി, പ്രവാസത്തിലുള്ള രാജകുമാരൻ റേസ പഹ്ലവിക്ക് പിന്തുണയും പ്രഖ്യാപിച്ചു. വിദേശത്തുള്ള ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നത അവസാനിപ്പിച്ച് ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'ഞങ്ങളുടെ ജനങ്ങൾ എത്ര നിരാശരാണെന്ന് നിങ്ങൾക്കറിയില്ല. എനിക്ക് ഭക്ഷണം പോലും കഴിക്കാനാകുന്നില്ല, ഉറങ്ങാനാകുന്നില്ല,' എന്നും ഭാവിയില്ലാത്ത ഒരു രാജ്യത്ത് ജനിച്ചതിന്റെ വേദനയും അദ്ദേഹം തുറന്നുപറഞ്ഞു.
വീഡിയോയുടെ അവസാനത്തിൽ പെർഷ്യൻ ഭാഷയിലേക്ക് മാറിയ ഹമിദി, 'ഇറാനിലെ ജനങ്ങൾ ഒറ്റപ്പെട്ടവരാണ്, ആരുമില്ല. പരസ്പരം പിന്തുണയ്ക്കുക. ഇറാൻ ദീർഘായുസ് നേടട്ടെ,' എന്ന് പറഞ്ഞു.
വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഹമിദി ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, അടുത്തകാലത്തെ പ്രതിഷേധങ്ങൾക്കുശേഷം ഇറാൻ കൂടുതൽ അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. അതിനിടെ, അമേരിക്കയുമായി ആണവ ചർച്ചകൾക്കുള്ള സാധ്യതയും തുറന്നുവെക്കുന്ന ഇരട്ടനയമാണ് ടെഹ്രാൻ പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.
നൊബേൽ സമാധാന സമ്മാന ജേതാവ് നർഗസ് മുഹമ്മദ്ദിക്കെതിരെ കൂടുതൽ ശിക്ഷ പ്രഖ്യാപിക്കുകയും പ്രമുഖ പ്രതിപക്ഷ നേതാവിന്റെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തതും ഈ പശ്ചാത്തലത്തിലാണ്.
'ഇറാനെ ആക്രമിക്കുക, ഒത്തുതീർപ്പ് അരുതേ': ട്രംപിനോട് അഭ്യർഥിച്ച വീഡിയോയ്ക്ക് പിന്നാലെ ഇറാനിയൻ യുവാവ് ആത്മഹത്യ ചെയ്തു
