ഇന്ത്യന്‍ വംശജന്‍ ടൊറന്റോയില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വംശജന്‍ ടൊറന്റോയില്‍ വെടിയേറ്റ് മരിച്ചു


ടൊറന്റോ: ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യന്‍ വംശജനായ 37കാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ബെംഗളൂരു  സ്വദേശിയായ ചന്ദന്‍ കുമാര്‍ ആണ് മരിച്ചത്. അജ്ഞാതര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു. 

ആറു വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ചന്ദന്‍ കുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്നു.

സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ കുടുംബത്തെ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. ചന്ദന്റെ പിതാവ് നന്ദകുമാര്‍ സ്‌കൂള്‍ അധ്യാപകനായി വിരമിച്ച വ്യക്തിയാണ്.

ടൊറന്റോ പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ഫെബ്രുവരി 7ന് ശനിയാഴ്ചയാണ് ഷോപ്പിങ് സെന്ററിന്റെ കാര്‍ പാര്‍ക്കില്‍ വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പുണ്ടായതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് നിരവധി വെടിയേറ്റ പരുക്കുകളോടെ ചന്ദന്‍ കുമാറിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരാളാണോ ഒന്നിലധികം പ്രതികളാണോ ആക്രമണത്തിന് പിന്നിലെന്നതും എത്ര വെടിയുതിര്‍ന്നുവെന്നതും സ്ഥിരീകരിച്ചിട്ടില്ല. 

പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട കുറ്റകൃത്യസ്ഥലത്തെ ദൃശ്യങ്ങളില്‍ മുന്‍വശത്തെ ഗ്ലാസില്‍ വെടിയേറ്റ അടയാളങ്ങളും ഡ്രൈവര്‍ സൈഡിലെ വാതില്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലും കാണുന്ന ഒരു വെള്ള എസ് യു വി വാഹനമാണുള്ളത്. വാഹനത്തിനുള്ളിലിരിക്കെ തന്നെയാണ് ചന്ദന്‍ കുമാറിന് നേരെ വെടിവെച്ചതെന്നും ആക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തിയതാകാമെന്നും അന്വേഷണ സംഘം കരുതുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ ബേര്‍ണബിയില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു വെടിവെയ്പ്പില്‍ 28കാരനായ ഇന്ത്യന്‍ വംശജനായ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡാഷ്‌ക്യാം ദൃശ്യങ്ങള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവയുള്ളവര്‍ മുന്നോട്ടുവരണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത് 2026-ല്‍ ടൊറന്റോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണെന്നും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.