വാഷിംഗ്ടൺ: ബംഗ്ലാദേശിൽ നിന്നുള്ള ഉൽപന്നങ്ങളിലെ അമേരിക്കൻ താരിഫ് കുറയ്ക്കാൻ യു.എസ്.-ബംഗ്ലാദേശ് തമ്മിൽ കരാർ. നിലവിലുണ്ടായിരുന്ന 20 ശതമാനമായിരുന്ന 'പകരച്ചുങ്കം' 19 ശതമാനമായി കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതോടൊപ്പം, ചില വസ്ത്രടെക്‌സ്റ്റൈൽ ഉൽപന്നങ്ങൾക്ക് പൂർണമായും (0%) താരിഫ് ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കാനും അമേരിക്ക സമ്മതിച്ചു.
വ്യാപാര അസമത്വം പരിഹരിക്കാനെന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയതാണ് 'പ്രതികാര' താരിഫുകൾ. ആദ്യം ബംഗ്ലാദേശ് ഉൽപന്നങ്ങൾക്ക് 37 ശതമാനം വരെ നികുതി പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് അത് 20 ശതമാനമായി കുറച്ചിരുന്നു. ഇപ്പോൾ പുതിയ കരാറോടെ വീണ്ടും 1 ശതമാനം കുറവ് നടപ്പാക്കുകയാണ്.
ബംഗ്ലാദേശിന്റെ കയറ്റുമതിയിലെ ഏകദേശം 80 ശതമാനവും വസ്ത്രടെക്െ്രസ്രെൽ മേഖലയാണ്. 2024ലെ വിദ്യാർഥി നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ സർക്കാർ വീണതിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ഈ മേഖല പുനരുജ്ജീവന പാതയിലാണ്. പുതിയ കരാറിലൂടെ, അമേരിക്കൻ പരുത്തി ഉൾപ്പെടെയുള്ള യു.എസ്. നിർമിത ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്ന ചില വസ്ത്രങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങളുടെ ഇളവ് അളവ്, ബംഗ്ലാദേശ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ടെക്‌സ്റ്റൈൽ അസംസ്‌കൃത വസ്തുക്കളുടെ അളവുമായി ബന്ധിപ്പിച്ചായിരിക്കും. വസ്ത്രങ്ങൾക്കുപുറമെ, മറ്റ് ചില ഉൽപന്നങ്ങൾക്കും 0 ശതമാനം താരിഫ് നൽകാനുള്ള സാധ്യതയും അമേരിക്ക പരിശോധിക്കുമെന്ന് അറിയിച്ചു.
കരാർ ഒപ്പുവെച്ചുകഴിഞ്ഞുവെന്നും, ഇരുരാജ്യങ്ങളും ഔദ്യോഗിക അറിയിപ്പ് നൽകിയാൽ അത് പ്രാബല്യത്തിൽ വരുമെന്നും ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് സാമൂഹികമാധ്യമത്തിൽ വ്യക്തമാക്കി. 'അമേരിക്കൻ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങളുടെ കയറ്റുമതിക്ക് ലഭിക്കുന്ന നികുതി ഇളവ്, ബംഗ്ലാദേശിന്റെ ഗാർമെന്റ് മേഖലയ്ക്ക് വലിയ ഉത്തേജനമാകും.'-ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലൂർ റഹ്മാൻ പറഞ്ഞു:
2024ൽ ബംഗ്ലാദേശ് അമേരിക്കയിലേക്ക് 8.4 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തപ്പോൾ, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തത് 2.2 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ്. ഫൃട്ട് ഓഫ് ദ ലൂം, ലെവി സ്‌ട്രോസ്, വാൻസ്, ടിംബർലാൻഡ്, ദ നോർത്ത് ഫേസ് തുടങ്ങിയ പ്രമുഖ അമേരിക്കൻ ബ്രാൻഡുകൾ ബംഗ്ലാദേശിൽ നിന്നാണ് വസ്ത്രങ്ങൾ വാങ്ങുന്നത്.
ബംഗ്ലാദേശിന് ആശ്വാസം: അമേരിക്കൻ താരിഫ് 1% കുറച്ചു; ചില വസ്ത്രങ്ങൾക്ക് പൂർണ നികുതി ഇളവ്
