മ്യൂണിക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശസുരക്ഷാ നയങ്ങൾ യൂറോപ്പിൽ കടുത്ത ആശങ്ക ഉയർത്തുന്നതിനിടെ, നിർണായകമായ മ്യൂണിക് സുരക്ഷാ സമ്മേളനം ഈ ആഴ്ച ആരംഭിക്കും. കഴിഞ്ഞ വർഷം സമ്മേളനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യൂറോപ്യൻ രാജ്യങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് പിന്നാലെ, ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ആഗോള സുരക്ഷാ ക്രമം തന്നെ മാറ്റിമറിച്ചുവെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.
സുഹൃത്തുക്കളെയും ശത്രുക്കളെയും ഒരുപോലെ ബാധിക്കുന്ന താരിഫുകൾ, വെനസ്വേലയിലെ അപ്രതീക്ഷിത ഇടപെടൽ, റഷ്യക്ക് അനുകൂലമായി മാറുന്ന യുക്രെയ്ൻ സമാധാനശ്രമങ്ങൾ, കാനഡയെ '51ാം സംസ്ഥാനം' ആക്കണമെന്ന പരാമർശം-ഇവയെല്ലാം യൂറോപ്പിനോടുള്ള അമേരിക്കയുടെ സമീപനത്തിൽ വലിയ മാറ്റമുണ്ടായെന്ന് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ അമേരിക്കയുടെ ദേശീയ സുരക്ഷാ തന്ത്രരേഖയിൽ യൂറോപ്പ് സ്വന്തം പ്രതരോധത്തിന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. ഇതോടെ, നേറ്റോയുടെ സുരക്ഷാ ഉറപ്പ് മുമ്പത്തെ പോലെ ഉറപ്പുള്ളതാണോയെന്ന സംശയം ശക്ത??.
ഗ്രീൻലൻഡിനെ സ്വന്തമാക്കണമെന്ന ട്രംപിന്റെ ആവർത്തിച്ച ആവശ്യം ട്രാൻസ് അറ്റ്‌ലാന്റിക് സഖ്യത്തെ തന്നെ കുലുക്കിയിരുന്നു. ഡെൻമാർക്കിന്റെ ഭാഗമായ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലൻഡ്. അവിടെ സൈനിക ഇടപെടൽ നടന്നാൽ നേറ്റോയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പും യൂറോപ്യൻ നേതാക്കൾ നൽകി.
അമേരിക്ക-യൂറോപ്പ് ബന്ധം മാറിയെങ്കിലും പൂർണമായി തകർന്നിട്ടില്ലെന്നാണ് യുകെ രഹസ്യാന്വേഷണ വിഭാഗമായ എംഐ6ന്റെ മുൻ മേധാവി സർ അലക്‌സ് യംഗർ പറയുന്നത്. എന്നാൽ യൂറോപ്പ് സ്വന്തം പ്രതരോധത്തിൽ കൂടുതൽ പങ്കാളിത്തം വഹിക്കണമെന്ന ട്രംപിന്റെ നിലപാടിൽ ചില ന്യായം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനും തമ്മിലുള്ള അടുത്ത ബന്ധവും, യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള അമേരിക്കൻ നിലപാടുകളും യൂറോപ്യൻ രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നു. നേറ്റോയുടെ അടിസ്ഥാന തത്വമായ ആർട്ടിക്കിൾ 5-ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ളതെന്ന ഉറപ്പ്-ഇനിയും പൂർണമായി നിലനിൽക്കുമോയെന്ന ചോദ്യമാണ് യൂറോപ്പ് ഉയർത്തുന്നത്.
റഷ്യൻ അതിർത്തിയിലുള്ള എസ്റ്റോണിയയിലെ നാർവ പോലുള്ള പ്രദേശങ്ങളിൽ പ്രതിസന്ധി ഉണ്ടായാൽ അമേരിക്ക ഇടപെടുമോയെന്ന സംശയം പോലും യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
ഈ പശ്ചാത്തലത്തിൽ നടക്കുന്ന മ്യൂണിക് സുരക്ഷാ സമ്മേളനം, യൂറോപ്പ്-അമേരിക്ക സുരക്ഷാ ബന്ധത്തിന്റെ ഭാവി ഏത് ദിശയലേക്കെന്ന് സൂചന നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ ആ ഉത്തരങ്ങൾ യൂറോപ്പ് ആഗ്രഹിക്കുന്നതാകണമെന്നില്ല.
ട്രംപിന്റെ പുതിയ ലോകക്രമം: യൂറോപ്പിന്റെ ആശങ്കയ്ക്കിടെ മ്യൂണിക് സുരക്ഷാ സമ്മേളനം
