കുടിയേറ്റം പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ റിപ്പബ്ലിക്കന്‍ അംഗം ചിപ്പ് റോയിയുടെ നിയമപ്രമേയം

കുടിയേറ്റം പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ റിപ്പബ്ലിക്കന്‍ അംഗം ചിപ്പ് റോയിയുടെ നിയമപ്രമേയം


വാഷിങ്ടണ്‍ ഡി സി: ടെക്‌സസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ചിപ്പ് റോയ് അമേരിക്കയിലേക്കുള്ള മുഴുവന്‍ കുടിയേറ്റവും താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള 'പോസ് ആക്ട്' (പോസിംഗ് ഓള്‍ അഡ്മിഷന്‍സ് അണ്‍ടില്‍ സെക്യൂരിറ്റി എന്‍ഷ്ുവേര്‍ഡ്) എന്ന നിയമപ്രമേയം സമര്‍പ്പിച്ചു. നിര്‍ദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതുവരെ താത്ക്കാലിക ടൂറിസ്റ്റ് വിസകള്‍ ഒഴികെയുള്ള എല്ലാ കുടിയേറ്റവും നിര്‍ത്തിവെക്കുക എന്നതാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ വിദേശജനസംഖ്യ 51.9 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 15 ശതമാനം കവിയുന്ന നിരക്കാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതുകളിലൊന്നാണെന്നും ചിപ് റോയ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ളതിലധികം കുടിയേറ്റക്കാരെ അമേരിക്കയാണ് സ്വീകരിക്കുന്നത്. ഇതോടെ നിയമാനുസൃത കുടിയേറ്റക്കാരുടെ 'സാംസ്‌കാരിക ലയനം', സമ്പദ്വ്യവസ്ഥയിലേക്കുള്ള സ്വാധീനം, സുരക്ഷാ താത്പര്യങ്ങള്‍ എന്നിവയെ കുറിച്ച് പുതിയ ചര്‍ച്ചകള്‍ ഉയരുന്നതായി നിയമപ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അനധികൃത കുടിയേറ്റം മാത്രമല്ല നിയമാനുസൃത കുടിയേറ്റവും പ്രശ്‌നമാണെന്നും ചിപ്പ് റോയ് പറയുന്നു. ബൈഡന്‍ ഭരണകൂടം അതിര്‍ത്തികള്‍ തുറന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് നിരന്തരം ഒഴുക്ക് സൃഷ്ടിച്ചതിന് പുറമെ നിയമത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് പേരെ കൂടി പ്രവേശിപ്പിച്ചുവെന്നും ഇതോടെ സമ്പൂര്‍ണ്ണ സംവിധാനവും തകര്‍ന്നിരിക്കുകയാണെന്നും ചിപ്പ് റോയ് ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞ് തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. എന്നാല്‍ എന്‍ട്രി- ലെവല്‍ ജോലികള്‍ക്കായി വലിയൊരു വിഹിതം എച്ച്-1ബി വിസകള്‍ നല്‍കുന്നു. അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ചെലവ് കൂടുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് ആരോഗ്യപരിചരണം ലഭിക്കുന്നു. വിവാഹം, മാതൃത്വം, വീട് സ്വന്തമാക്കല്‍ എന്നിവ അമേരിക്കന്‍ യുവാക്കള്‍ക്ക് സാധ്യത കുറയുമ്പോള്‍ വിദേശ പൗരന്മാര്‍ ചെയിന്‍ മൈഗ്രേഷന്‍ വഴി തങ്ങളുടെ തലമുറകളെ മുഴുവന്‍ കൊണ്ടുവരുന്നു. കഴിവിനെ അടിസ്ഥാനമാക്കി അമേരിക്കക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കുടിയേറ്റ സംവിധാനം കഴിവുള്ളവരെ അല്ല, ഭാഗ്യം കൂടിയവരെയാണ് തെരഞ്ഞടുക്കുന്നത്. ചില അമേരിക്കക്കാര്‍ അവരുടെ വിശ്വാസങ്ങള്‍ പാലിച്ചു ജീവിക്കുമ്പോള്‍, കുടിയേറ്റ നയങ്ങള്‍ ശരിഅത്ത് നിയമ അനുയായികളെയും കമ്മ്യൂണിസ്റ്റുകളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നും ചിപ്പ് റോയ് പറയുന്നു.

ലോകം അമേരിക്കയെ ദുരുപയോഗം ചെയ്യുന്നതിന് അമേരിക്കക്കാര്‍ ഇനി തയ്യാറല്ല. കുടിയേറ്റ സംവിധാനം അമേരിക്കക്കാരെയാണ് സേവിക്കേണ്ടത്. അതിനാല്‍ ഈ തകര്‍ന്ന സംവിധാനം പുനഃസംഘടിപ്പിക്കുന്നതുവരെ കുടിയേറ്റം പൂര്‍ണ്ണമായി നിര്‍ത്തേണ്ട സമയം വന്നിരിക്കുന്നു.

പോസ് ആക്ട് പ്രകാരം കുടിയേറ്റം പുന:രാരംഭിക്കാന്‍ നിയമത്തില്‍ ഉള്‍ക്കൊള്ളേണ്ട പ്രധാന നിബന്ധനകളും പറയുന്നുണ്ട്. പ്ലയ്‌ലര്‍ വേഴ്‌സസ് ഡോ വിധി അവസാനിപ്പിച്ച് യു എസ് പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മാത്രമേ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാവൂ, മാതാപിതാക്കളില്‍ ഒരാള്‍ യു എസ് പൗരന്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായാല്‍ മാത്രമേ കുട്ടിക്ക് യു എസ് പൗരത്വം ലഭിക്കൂ, ചെയിന്‍ മൈഗ്രേഷന്‍ അവസാനിപ്പിക്കല്‍, ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാം റദ്ദാക്കല്‍, ഭര്‍ത്താവോ ഭാര്യയോ വിവാഹം കഴിക്കാത്ത മക്കളും മാത്രം പ്രവേശനത്തിന് അര്‍ഹരാകും.

ശരിഅത്ത് നിയമ അനുയായികള്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, ഭീകരരുടെ പട്ടികയിലുള്ളവര്‍ എന്നിവരുടെ പ്രവേശനം നിരോധിക്കല്‍, വിദേശ പൗരന്മാര്‍ക്ക് എസ് എന്‍ എ പി, എസ് എസ് ഐ, ടി എ എന്‍ എഫ്, മെഡിക്കെയ്ഡ്, മെഡികെയര്‍, ഡബ്ല്യു ഐ സി, ഫെഡറല്‍ സ്റ്റുഡന്റ് ലോണുകള്‍, പൊതു ഹൗസിംഗ് തുടങ്ങിയ പദ്ധതികളില്‍ പ്രവേശനം നിരോധിക്കുക, എച്ച് 1 ബി വിസയുടെ സ്റ്റാറ്റസ് അഡ്ജസ്റ്റ്‌മെന്റ് അവസാനിപ്പിക്കല്‍, ടെക് ജോലികള്‍ക്ക് മത്സരം സൃഷ്ടിക്കുന്ന ഓപ്റ്റ് പ്രോഗ്രാം റദ്ദാക്കല്‍ തുടങ്ങിയവ ആവശ്യപ്പെടുന്നു.

ബില്ലിന് പ്രതിനിധികളായ കീത്ത് സെല്‍ഫ്, ബ്രാന്‍ഡണ്‍ ഗില്‍, ആന്‍ഡി ബിഗ്‌സ്, ലോറന്‍ ബോബര്‍ട്ട്, ഏലി ക്രെയ്ന്‍, ആന്‍ഡി ഒഗ്ലസ് എന്നിവ പിന്തുണ നല്‍കിയിട്ടുണ്ട്. 

ഇമിഗ്രേഷന്‍ അക്കൗണ്ടബിലിറ്റി പ്രൊജക്ട്, സിറ്റിസണ്‍ ഫോര്‍ റിന്യൂവിംഗ് അമേരിക്ക, നാഷണല്‍ ഇമിഗ്രേഷന്‍ സെന്റര്‍ ഫോര്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ സംഘടനകളും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.