വാഷിംഗ്ടണ്‍: റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനായുള്ള ചെലവുപദ്ധതി പാസാക്കി യു.എസ്. സെനറ്റ്. റിപ്പബ്ലിക്കന്‍ നിയന്ത്രിത സെനറ്റില്‍ തിങ്കളാഴ്ച രാത്രി നടന്ന വോട്ടിംഗില്‍ 60-40 എന്ന ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ഡെമോക്രാറ്റിക് അംഗങ്ങളില്‍ എട്ടുപേര്‍ പാര്‍ട്ടി നിലപാട് മറികടന്ന് ബില്ലിന് അനുകൂലമായി വോട്ടുചെയ്തു.
ഈ നീക്കത്തോടെ 50 ദിവസത്തിലേറെ നീണ്ടുനിന്ന സര്‍ക്കാര്‍ അടച്ചിടല്‍ അവസാനിക്കുന്നതിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ബില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ഹൗസിലേക്കാണ് നീങ്ങുന്നത്. ഹൗസില്‍ ബുധനാഴ്ച തന്നെ അന്തിമവോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ബില്ലിന് വൈറ്റ് ഹൗസിന്റെയും റിപ്പബ്ലിക്കന്‍ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി 30 വരെ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നീട്ടുന്നതിനോടൊപ്പം കൃഷിവകുപ്പ്, സൈനിക നിര്‍മാണങ്ങള്‍, നിയമനിര്‍മ്മാണ ശാഖ തുടങ്ങിയവയ്ക്കുള്ള പൂര്‍ണ്ണ വര്‍ഷ ഫണ്ടിംഗും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷട്ട്ഡൗണ്‍ സമയത്ത് ട്രംപ് ഭരണകൂടം നടത്തിയ ഫെഡറല്‍ പിരിച്ചുവിടലുകള്‍ പിന്‍വലിക്കാനുള്ള ഉറപ്പും ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. കൂടാതെ, ഡിസംബര്‍ മധ്യത്തോടെ 'അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ്' (ഒബാമകെയര്‍) സബ്‌സിഡികള്‍ സംബന്ധിച്ച് വേറൊരു വോട്ടെടുപ്പ് നടത്താമെന്ന വാഗ്ദാനവും റിപ്പബ്ലിക്കന്‍ നേതൃത്വം നല്‍കി.
ബുധനാഴ്ച തന്നെ വോട്ടെടുപ്പിനായി ക്യാപിറ്റോളിലേക്ക് മടങ്ങാന്‍ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ (റിപ്പബ്ലിക്കന്‍-ലൂസിയാന) പാര്‍ട്ടിയംഗങ്ങളോട് നിര്‍ദ്ദേശിച്ചു. ദീര്‍ഘനേരം നീണ്ട യാത്രാ തടസ്സങ്ങള്‍ക്കും വിമാന റദ്ദാക്കലുകള്‍ക്കും ഇടയില്‍ വോട്ടെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
'നമ്മുടെ ദീര്‍ഘമായ ദേശീയ ദുസ്വപ്നം ഒടുവില്‍ അവസാനിക്കുന്നതായാണ് തോന്നുന്നത്. അതിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്,' മൈക്ക് ജോണ്‍സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ഈ കരാറിനൊപ്പം പോകും; ഇത് വളരെ നല്ലതാണ്,' എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നീട് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, അഭിപ്രായപ്പെട്ടു.
സെനറ്റില്‍ ഞായറാഴ്ച രാത്രിയുണ്ടായ ത്രസിപ്പിക്കുന്ന നാടകീയ നീക്കത്തിനാണ് ഈ ബില്ല് വഴിയൊരുക്കിയത്. ആഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് സബ്‌സിഡി വോട്ടിനുള്ള വാഗ്ദാനം ഉള്‍പ്പെടുത്തി സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ (റിപ്പബ്ലിക്കന്‍ - സൗത്ത് ഡക്കോട്ട) നല്‍കിയ കരാര്‍ എട്ടു ഡെമോക്രാറ്റ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് രാജ്യത്തെ സ്തംഭനത്തിലാക്കിയ വലിയ പ്രതിസന്ധി ഒഴിവായത്.
താത്കാലിക കരാര്‍ പാസായതോടെ അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തിലെ ഏറ്റവും നീണ്ട ഷട്ട്ഡൗണ്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് വാഷിംഗ്ടണ്‍.
സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനായുള്ള ചെലവുപദ്ധതി പാസാക്കി യു.എസ് സെനറ്റ്
