വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസില്‍ മുന്‍ മാഗസിന്‍ കോളമിസ്റ്റായ ഇ ജീന്‍ കരോളിന് അനുകൂലമായുള്ള ഫെഡറല്‍ അപ്പീല്‍ കോടതി അഞ്ച് മില്യണ്‍ ഡോളറിന്റെ വിധി ശരിവച്ചു.
കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് ട്രംപ് ഉത്തരവാദിയാണെന്ന് ഒരു ജൂറി മുമ്പ് കണ്ടെത്തിയിരുന്നു. അദ്ദേഹം വീണ്ടും അധികാരമേറ്റെടുക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് പുതിയ വിചാരണയ്ക്കുള്ള ട്രംപിന്റെ അഭ്യര്‍ഥന അപ്പീല്‍ കോടതി നിരസിച്ചു.
കോടതിയുടെ വിധികളില്‍ എന്തെങ്കിലും പിഴവുകള്‍ കാണിക്കുന്നതിനോ പുതിയ വിചാരണയെ ന്യായീകരിക്കാന്‍ മതിയായ കാരണങ്ങളുണ്ടാക്കുന്നതിനോ ട്രംപിന്റെ നിയമസംഘം പരാജയപ്പെട്ടുവെന്ന് രണ്ടാമത്തെ സര്‍ക്യൂട്ട് അപ്പീല്‍ കോടതി പറഞ്ഞു.
1990-കളില്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ട്രംപ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2023-ല്‍, ലൈംഗികാതിക്രമത്തിന് കരോളിന് 2.02 മില്യണ്‍ ഡോളറും മാനനഷ്ടത്തിന് 2.98 മില്യണ്‍ ഡോളറും ജൂറി വിധിച്ചു. എന്നാല്‍, ബലാത്സംഗ കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയില്ല.
2024 ജനുവരിയില്‍ മറ്റൊരു ജൂറി 2019-ല്‍ ആരോപണങ്ങള്‍ നിരസിച്ചത് കരോളിന്റെ പ്രശസ്തിയെ മോശമായി ബാധിച്ചുവെന്ന നിഗമനത്തിലെത്തി 83.3 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ട്രംപിനോട് ഉത്തരവിട്ടു. കരോളിന്റെ അവകാശവാദങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. തനിക്ക് കരോളിനെ അറിയില്ലെന്നും തന്റെ തരമല്ല അവരെന്നും അവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രചരിപ്പിക്കാനാണ് ആരോപണങ്ങളെന്നും ഉന്നയിച്ചു.