പെരിയ ഇരട്ട കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്

പെരിയ ഇരട്ട കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്


കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച പെരിയ ഇരട്ട കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ അടക്കം 14 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കല്‍ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി ജെ സജി (സജി ജോര്‍ജ് ) എന്നിവരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.