ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയയ്ക്കാനൊരുങ്ങി ബൈഡന്‍

ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയയ്ക്കാനൊരുങ്ങി ബൈഡന്‍


വാഷിംഗ്ടണ്‍: ഇസ്രായേലിന് 8 ബില്യണ്‍ ഡോളര്‍ (6.4 യി പൗണ്ട്) വിലമതിക്കുന്ന ആയുധ വില്‍പ്പന നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചു.

ഹൗസ്, സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ആവശ്യമുള്ള ആയുധ ചരക്കുകളില്‍ മിസൈലുകളും ഷെല്ലുകളും മറ്റ് ആയുധങ്ങളും ഉള്‍പ്പെടുന്നു.

പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ നീക്കം. ഗാസയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇസ്രായേലിന് സൈനിക പിന്തുണ നിര്‍ത്തിവയ്ക്കണം എന്ന ആഹ്വാനങ്ങള്‍ വാഷിംഗ്ടണ്‍ തള്ളിക്കളഞ്ഞു.

ഓഗസ്റ്റില്‍, ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും വില്‍ക്കാന്‍ യുഎസ് അംഗീകാരം നല്‍കിയിരുന്നു.

ഏറ്റവും പുതിയ ആയുധ കയറ്റുമതിയില്‍ എയര്‍-ടു-എയര്‍ മിസൈലുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍, പീരങ്കി ഷെല്ലുകള്‍, ബോംബുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അനുസൃതമായി പൗരന്മാരെ സംരക്ഷിക്കാനും ഇറാനില്‍ നിന്നും അവര്‍ പിന്തുണയ്ക്കുന്ന സംഘടനകളില്‍ നിന്നുമുള്ള ആക്രമണത്തെ തടയാനും ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് വില്‍പ്പനയുമായി പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച ബിബിസിയോട് പറഞ്ഞു.

ഇസ്രായേലിന്റെ പ്രതിരോധത്തിന് ആവശ്യമായ കഴിവുകള്‍ നല്‍കുന്നത് യുഎസ് തുടരുമെന്നാണ്
പ്രഖ്യാപനം.
ഇസ്രായേലിനുള്ള യുഎസ് പിന്തുണ ഉരുക്കുകവചം പോലെ ഉറപ്പുള്ളതാണെന്ന് ബൈഡന്‍ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സാങ്കേതികമായി സങ്കീര്‍ണ്ണമായ സൈന്യങ്ങളിലൊന്ന് സ്വന്തമായുള്ള ഇസ്രയേലിനെ അതിനായി സഹായിച്ച അമേരിക്കയാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത്.
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) കണക്കനുസരിച്ച്, 2019 നും 2023 നും ഇടയില്‍ ഇസ്രായേല്‍ ഇറക്കുമതി ചെയ്ത പ്രധാന പരമ്പരാഗത ആയുധങ്ങളുടെ 69% അമേരിക്കയുടേതാണ്.

തെക്കന്‍ ഗാസ നഗരമായ റാഫയില്‍ ഇസ്രായേല്‍ ഒരു പ്രധാന കരയാക്രമണവുമായി മുന്നോട്ട് പോകുന്നു എന്ന ആശങ്കയെത്തുടര്‍ന്ന് 2,000 പൗണ്ടും 500 പൗണ്ടും ശേഷിയുള്ള ബോംബുകളുടെ ഒരു ചരക്ക് താല്‍ക്കാലികമായി നിര്‍ത്തിയതായി 2024 മെയ് മാസത്തില്‍ യുഎസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബൈഡന് ഉടന്‍ തന്നെ വാഷിംഗ്ടണിലെ റിപ്പബ്ലിക്കന്‍മാരില്‍ നിന്നും നെതന്യാഹുവില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. അവര്‍ ഇതിനെ 'ആയുധ ഉപരോധവുമായി' താരതമ്യം ചെയ്തു. അതിനുശേഷം ബൈഡന്‍ സസ്‌പെന്‍ഷന്‍ ഭാഗികമായി പിന്‍വലിക്കുകയും അത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തു.

സ്ഥാനമൊഴിയുന്ന ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിരവധി നടപടികളില്‍ ഒന്നാണ് ആസൂത്രിത ആയുധ കയറ്റുമതി.

തന്റെ പിന്‍ഗാമിയായ ഡോണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്ന 2025 ജനുവരി 20 ന് വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് ബൈഡന്‍ ഇസ്രായേലിന് വേണ്ടി ആസൂത്രണം ചെയ്ത അവസാന ആയുധ വില്‍പ്പനയായിരിക്കും ഇത്.

വിദേശ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും യുഎസ് ഇടപെടല്‍ കുറയ്ക്കുന്നതിനെക്കുറിച്ചും നിയുക്ത പ്രസിഡന്റ് ട്രംപ് മുമ്പ് നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.

ഇസ്രായേലിന്റെ കടുത്ത പിന്തുണക്കാരനായി ട്രംപ് സ്വയം നിലകൊള്ളുന്നുണ്ടെങ്കിലും ഗാസയിലെ സൈനിക നടപടി വേഗത്തില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തുകൊണ്ട് ഹമാസ് സംഘം നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തിന് മറുപടിയായി അവരെ നശിപ്പിക്കാനാണ് ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. അതിനുശേഷം ഗാസയില്‍ 45,580 ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നത്.