മെക്‌സിക്കോയില്‍ കൊടുങ്കാറ്റില്‍ തിരഞ്ഞെടുപ്പ് പ്രചരണ വേദി തകര്‍ന്നു വീണ് 9 മരണം; 54 പേര്‍ക്ക് പരിക്ക്

മെക്‌സിക്കോയില്‍ കൊടുങ്കാറ്റില്‍ തിരഞ്ഞെടുപ്പ് പ്രചരണ വേദി തകര്‍ന്നു വീണ് 9 മരണം; 54 പേര്‍ക്ക് പരിക്ക്


സാന്‍ പെഡ്രോ ഗാര്‍സാ ഗാര്‍സിയ(മെക്‌സിക്കോ) : വടക്കന്‍ മെക്‌സിക്കോയിലുണ്ടായ കൊടുങ്കാറ്റില്‍ തിരഞ്ഞെടുപ്പ് പരിപാടിയുടെ വേദി തകര്‍ന്നു വീണ് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോര്‍ജ്ജ് ഓള്‍വാരസ് മേന്‍നെസ് വേദിയിലുണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. വടക്കുകിഴക്കന്‍ നഗരമായ സാന്‍ പെഡ്രോ ഗാര്‍സാ ഗാര്‍സിയയിലെ പ്രചാരണ പരിപാടിയിലാണ് അപകടം ഉണ്ടായത്. 54 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും മെക്‌സിക്കോ ന്യൂവോ ലിയോണ്‍ സ്റ്റേറ്റ് ഗവര്‍ണര്‍ സാമുവല്‍ ഗാര്‍സിയ പറഞ്ഞു.
മരിച്ചവരില്‍ ഒരു കുട്ടിയുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഗവര്‍ണര്‍ സാമുവല്‍ ഗാര്‍സിയ പറഞ്ഞു,
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോകള്‍ കാണിക്കുന്നത് ശക്തമായ ഒരു കൊടുങ്കാറ്റ് വേദിയെ പിടിച്ചുലയ്ക്കുന്നതാണ്. വേദിക്കു പിന്നിലുണ്ടായിരുന്ന വലിയ വിഡിയോ സ്‌ക്രീന്‍ ഉള്‍പ്പെടെ നിലംപൊത്തി. ആളുകള്‍ ഓടി രക്ഷപ്പെടുന്നുമുണ്ട്.