ഒന്നരമാസമായി ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്; നാസയുടെ നിര്‍ണായക പ്രഖ്യാപനം ഉടന്‍

ഒന്നരമാസമായി ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്; നാസയുടെ നിര്‍ണായക പ്രഖ്യാപനം ഉടന്‍


ന്യൂയോര്‍ക്ക്: പരീക്ഷണങ്ങള്‍ക്കായി ഒന്നരമാസം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ സുനിത വില്യംസിന് ഇതുവരെ മടങ്ങാന്‍ കഴിഞ്ഞില്ല. സുനിതയും സഹപ്രവര്‍ത്തകന്‍  ബുച്ച് വില്‍മോറും സഞ്ചരിച്ച ബഹിരാകാശ പേടകത്തിന് സംഭവിച്ച സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഇവരുടെ മടങ്ങിവരവ് പ്രതിസന്ധിയിലാക്കിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്നുള്ള ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇന്നു രാത്രി നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് നാസയും ബോയിംഗും സൂചന നല്‍കി. നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിച്ചതിന് ശേഷം ഇരുവരും കഴിഞ്ഞമാസം ആറു മുതല്‍ ബഹിരാകാശത്ത് തുടരുകയായിരുന്നു. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെടുന്ന ഈ ദൗത്യത്തിന് സാങ്കേതിക വെല്ലുവിളികള്‍ നേരിട്ടതായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടങ്ങി വരവ് പ്രതിസന്ധിയിലാക്കിയത്.

അടുത്തിടെ, നാസയിലെയും ബോയിംഗിലെയും എഞ്ചിനീയറിംഗ് ടീമുകള്‍ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് ടെസ്റ്റ് ഫെസിലിറ്റിയില്‍ സ്റ്റാര്‍ലൈനര്‍ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ ഗ്രൗണ്ട് ഹോട്ട് ഫയര്‍ ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ പരിശോധനകള്‍ ബഹിരാകാശ നിലയത്തിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ സമീപനവും അണ്‍ഡോക്ക് ചെയ്യുമ്പോഴും ഡിയോര്‍ബിറ്റ് ബേണ്‍ ചെയ്യുമ്പോഴുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങളും വിശകലനം ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുനിതയുടെയും വില്‍മോറിന്റെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് ഈ പരീക്ഷണം പരമ്പര നിര്‍ണായകമാണ്. ഈ പരീക്ഷണങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ നിലവില്‍ വിശകലനം ചെയ്യുകയാണ്, ഇന്ന് രാത്രി നടത്തുന്ന പ്രഖ്യാപനം ഇത് സംബന്ധിച്ചാണെന്നാണ് സൂചന. പ്രാഥമിക കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം പദ്ധതിയിടുന്നുണ്ടെന്നും വിവരമുണ്ട്.