ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് കനത്ത നികുതി ചുമത്താനുള്ള നീക്കം നീട്ടിവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂലൈ ഒമ്പത് വരെയാണ് സമയം നീട്ടിയത്. ഇതിനകം ചർച്ച നടത്തി യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാറിലെത്തുകയാണ് ലക്ഷ്യം. ട്രംപുമായി യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ നീക്കം.
യു.എസുമായി വ്യാപാര കരാറിലെത്താൻ കൂടുതൽ സമയം വേണമെന്നായിരുന്നു കമീഷന്റെ ആവശ്യം. ഏപ്രിൽ ആദ്യം യൂറോപ്യൻ യൂണിയനും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾക്കായി ട്രംപ് 90 ദിവസത്തെ സമയം നിശ്ചയിച്ചിരുന്നു. ഈ സമയപരിധി ജൂലൈ ഒമ്പതിനാണ് അവസാനിക്കുന്നത്. വളരെ നല്ല ഫോൺ സംഭാഷണമാണ് നടന്നതെന്നും യൂറോപ്യൻ യൂണിയന്റെ ആവശ്യം അംഗീകരിച്ചതായും ട്രംപ് പ്രതികരിച്ചു.
ചർച്ചകൾ വേഗത്തിലും ഫലപ്രദമായും മുന്നോട്ടു കൊണ്ടുപോകാൻ തയാറാണെന്നും മികച്ച കരാറിലെത്താൻ കൂടുതൽ സമയം വേണമെന്നും ഉർസുല പറഞ്ഞു. 27 അംഗ യൂറോപ്യൻ യൂനിയൻ ഉൽപന്നങ്ങൾക്ക് ജൂൺ ഒന്നുമുതൽ 50 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. യു.എസുമായി വ്യാപാര ചർച്ചക്ക് യൂറോപ്യൻ യൂണിയൻ താൽപര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ഭീഷണി.
ഇറക്കുമതി താരിഫ്: യൂറോപ്യൻ യൂണിയന് ജൂലൈ ഒമ്പത് വരെ സമയം നീട്ടി നൽകി ട്രംപ്
