വാഷിംഗ്ടണ്‍: യെമനിലെ ഹൂത്തി സായുധ സംഘത്തിനെതിരെ ആക്രമണം നടത്താനുള്ള രഹസ്യ യുഎസ് സൈനിക പദ്ധതികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഒരു സ്വകാര്യ ചാറ്റില്‍ അബദ്ധവശാല്‍ ഒരു പത്രപ്രവര്‍ത്തകന്റെ പേരുകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഞെട്ടിക്കുന്ന ഒരു തെറ്റ് ചെയ്തു.
ദി അറ്റ്‌ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ആയ പത്രപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെയാണ് 'ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന സിഗ്‌നല്‍ ചാറ്റ് ഗ്രൂപ്പില്‍ തെറ്റായി ഉള്‍പ്പെടുത്തിയത്. യെമനില്‍ വരാനിരിക്കുന്ന യുഎസ് ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ലാസിഫൈഡ് സൈനിക പദ്ധതികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നു.
വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളാണ് പിശകില്‍ ഉള്‍പ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മെസേജിംഗ് ആപ്പ് സിഗ്‌നല്‍ ഉപയോഗിച്ചാണ് അവര്‍ ഈ ഗ്രൂപ്പില്‍ യുദ്ധ തന്ത്രങ്ങള്‍ ഏകോപിപ്പിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്തത്. സിഗ്‌നല്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ക്ലാസിഫൈഡ് വിവരങ്ങള്‍ പങ്കിടുന്നതിന് ന്യാീകരണമില്ല.
ട്രംപ് ഭരണകൂടത്തിലെ 18 മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം 'ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന സിഗ്‌നല്‍ ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തതായി കണ്ടെത്തിയെന്ന് ദി അറ്റ്‌ലാന്റിക് എഡിറ്ററായ പത്രപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് സ്ഥിരീകരിച്ചു. എന്നാല്‍ ഗൗരവം മനസിലാക്കി സിഐഎ ഉദ്യോഗസ്ഥനെക്കുറിച്ചും നിലവിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ താന്‍ പെട്ടെന്ന് ഇല്ലാതാക്കിയതായി ഗോള്‍ഡ്‌ബെര്‍ഗ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സന്ദേശങ്ങള്‍ യഥാര്‍ത്ഥമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ബ്രയാന്‍ ഹ്യൂസ് ദി ഗാര്‍ഡിയനോട് സ്ഥിരീകരിച്ചു. 'ഇതൊരു യഥാര്‍ത്ഥ സന്ദേശ ശൃംഖലയാണെന്ന് തോന്നുന്നു, കൂടാതെ ഒരു നമ്പര്‍ ശൃംഖലയില്‍ എങ്ങനെ അശ്രദ്ധമായ ചേര്‍ത്തുവെന്ന് പരിശോധിച്ചുവരികയാണെന്ന് ഹ്യൂസ് പറഞ്ഞു. സന്ദേശങ്ങള്‍ 'ആഴമേറിയതും ചിന്തനീയവുമായ നയ ഏകോപനം' കാണിക്കുന്നതാണെന്നും സൈനിക നടപടി വിജയകരമാണെന്നും അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം ഉദ്യോഗസ്ഥരെ ന്യായീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. 'എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ ദി അറ്റ്‌ലാന്റിക്കിന്റെ വലിയ ആരാധകനല്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന് ഇപ്പോഴും തന്റെ ദേശീയ സുരക്ഷാ സംഘത്തില്‍ 'അത്യന്തം ആത്മവിശ്വാസം' ഉണ്ടെന്ന് പിന്നീട്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍വ്യക്തമാക്കി.
ആഗോള ഷിപ്പിംഗ് റൂട്ടുകളെ സംരക്ഷിക്കുന്നതിന്റെ ഭാരം യുഎസ് വഹിക്കുന്നതില്‍ വാന്‍സ് നിരാശ പ്രകടിപ്പിച്ചതായാണ് ചോര്‍ന്ന സന്ദേശങ്ങളിലെ ചില ശ്രദ്ധേയമായ സംഭാഷണങ്ങള്‍ വെളിപ്പെടുത്തി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.
'യൂറോപ്പിനെ വീണ്ടും രക്ഷപ്പെടുത്തുന്നത് തനിക്ക് വെറുപ്പാണ്' എന്ന് വാന്‍സ് എഴുതിയത്രെ. ഇക്കാര്യം ഹെഗ്‌സെത്ത് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്, യുഎസ് സൈനിക പിന്തുണയിലുള്ള യൂറോപ്യന്‍ ആശ്രയത്തെ 'ദയനീയം' എന്നാണ് ഹെഗ്‌സത്ത് ചാറ്റില്‍ വിശേഷിപ്പിച്ചത്.
ഈ രഹസ്യവിവരങ്ങളുടെ ചോര്‍ച്ച സുരക്ഷാ വിദഗ്ധരിലും രാഷ്ട്രീയക്കാരിലും രോഷം ജനിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ 'ഫുബാര്‍' (പൂര്‍ണ്ണമായും കുഴപ്പത്തിലായത് എന്നര്‍ത്ഥമുള്ള ഒരു സൈനിക പദം) എന്നാണ്
ഒരു സൈനിക വിദഗ്ധനായ ഡെമോക്രാറ്റിക് പ്രതിനിധി പാറ്റ് റയാന്‍ വിശേഷിപ്പിച്ചത്. 'ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ ഉടന്‍ വാദം കേള്‍ക്കുന്നില്ലെങ്കില്‍, ഞാന്‍ അത് സ്വയം ചെയ്യും' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു.
ദീര്‍ഘകാല ദേശീയ സുരക്ഷാ പത്രപ്രവര്‍ത്തകനായ ഷെയ്ന്‍ ഹാരിസും ശക്തമായി പ്രതികരിച്ചു, '25 വര്‍ഷത്തെ ദേശീയ സുരക്ഷ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍, ഇതുപോലൊരു കഥ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ മണ്ടത്തരത്തെക്കുറിച്ച് വൈറ്റ് ഹൗസ് വിമര്‍ശനം നേരിടുന്നതിനിടയില്‍, അത്തരമൊരു തെറ്റ് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും അത് വീണ്ടും സംഭവിക്കുമോ എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ശക്തമാവുകയാണ്.
രഹസ്യമായി സൂക്ഷിച്ചിരുന്ന യെമന്‍ യുദ്ധ പദ്ധതികള്‍ വൈറ്റ് ഹൗസ് അബദ്ധത്തില്‍ പത്രപ്രവര്‍ത്തകനുമായി പങ്കുവെച്ചു
