വാഷിംഗ്ടണ്‍: കാനഡയുമായും മെക്‌സിക്കോയുമായുള്ള അമേരിക്കയുടെ വ്യാപാര കരാറുകള്‍ പുതുക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ക്കും പുതിയ ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് തന്നെ ഇരു രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഉടന്‍ നടപ്പാക്കാനുള്ള നീക്കത്തിലൂടെ പഴകിയ കരാര്‍ പുതുക്കുന്നതുനുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിച്ച് ചര്‍ച്ചകള്‍ സജീവമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറിന് പകരമായി ട്രംപിന്റെ ആദ്യ ഭരണകാലത്ത് തയ്യാറാക്കിയ യുഎസ് -മെക്‌സിക്കോ--കാനഡ (USMCA) വ്യാപാര കരാര്‍ 2026 ല്‍ നിയമപരമായ അവലോകനത്തിന് തയ്യാറാണ്. എന്നാല്‍ അതുവരെ കാത്തിരിക്കാതെ കരാര്‍ ഉടന്‍ തന്നെ വീണ്ടും ചര്‍ച്ച ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഭൂഖണ്ഡാന്തര വ്യാപാര ഉടമ്പടിയിലെ ഓട്ടോമോട്ടീവ് നിയമങ്ങളില്‍ മാറ്റംവരുത്താനാണ് താരിഫ് ഭീഷണി ഉപയോഗിക്കുന്നതിലൂടെ ട്രംപ് ലക്ഷ്യംവയ്ക്കുന്നത്. ഇതുവഴി കാര്‍ പ്ലാന്റുകളെ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും യുഎസി ലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്ന്, അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ച് പരിചയമുള്ളവര്‍ പറയുന്നു. അതിനാല്‍ മൂന്ന് രാജ്യങ്ങളിലുടനീളം വ്യാപിച്ചുകിടക്കുന്ന 'വടക്കേ അമേരിക്കന്‍ വാഹന വിതരണ ശൃംഖലയെ തകര്‍ക്കാതെ ട്രംപിനെ തൃപ്തിപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്താനാണ് പ്രധാന വാഹന നിര്‍മ്മാതാക്കളുടെ ശ്രമമെന്ന് വാഹന വ്യവസായ രംഗത്തെ ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു.
യുഎസ്എംസിഎയുടെ പുനര്‍ ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതിനായി വാണിജ്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹോവാര്‍ഡ് ലുട്‌നിക്, യുഎസ് ട്രേഡ് റെപ്രസന്റേറ്റീവായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജാമിസണ്‍ ഗ്രീര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ചചെയ്യുമെന്ന് ഈ വിഷയത്തിത്തെക്കുറിച്ച് വിശദീകരിച്ച ആളുകള്‍ പറഞ്ഞു.
യുഎസിലേക്കുള്ള ഫെന്റനൈലിന്റെയും കുടിയേറ്റക്കാരുടെയും ഒഴുക്ക് പരിമിതപ്പെടുത്താന്‍ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും മേല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും യൂറോപ്യന്‍ യൂണിയന് തീരുവ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസും അതിന്റെ അയല്‍രാജ്യങ്ങളും തമ്മിലുള്ള ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് യുഎസ്എംസിഎ നിയന്ത്രിക്കുന്നത്. യുഎസ്. ചരിത്രത്തിലെ ഏതൊരു വ്യാപാര കരാറിനെക്കാളും വര്‍ധിച്ച പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഇത് അംഗീകരിച്ചത്. ട്രംപിന്റെ ടീം കരാര്‍ വിപുലീകരിക്കുന്നതിനുവേണ്ടി കര്‍ശനമായ തൊഴില്‍, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ചേര്‍ത്തതിനാല്‍ ഹൗസ്, സെനറ്റിലെ 200 ലധികം ഡെമോക്രാറ്റുകള്‍ കരാറിനെ പിന്തുണയ്ക്കുന്നതില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. കരാര്‍ ഒപ്പുവെച്ചതിനുശേഷം, മെക്‌സിക്കോയും കാനഡയും ചൈനയെ മുന്‍നിര യുഎസ് വ്യാപാര പങ്കാളികളായി മാറ്റി.
'യുഎസ്എംസിഎയുടെ പുതുക്കല്‍ ഉണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് ട്രംപിന്റെ അടുത്ത സഹ പ്രവര്‍ത്തകനായ സെനറ്റര്‍ കെവിന്‍ ക്രാമര്‍ പറഞ്ഞു. വ്യാപാര കരാര്‍ പരിഷ്‌കരിക്കുന്നതിലൂടെയോ ഫെന്റനൈല്‍ കള്ളക്കടത്തിനെ അഭിസംബോധന ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന് കൂടുതല്‍ സൈനിക ചെലവ് സംഭാവന ചെയ്യുന്നതിലൂടെയോ ട്രംപിന്റെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് കനേഡിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ക്രാമര്‍ പറഞ്ഞു.
'താരിഫുകള്‍ മൊത്തത്തില്‍ ഒഴിവാക്കാന്‍ അവര്‍ വേഗത്തില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി, അദ്ദേഹം പറഞ്ഞു..
ട്രംപിന്റെ താരിഫ് ഭീഷണികള്‍ നിസ്സാരമായി കാണരുതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള മറ്റ് നിയമനിര്‍മ്മാതാക്കള്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ ടേമില്‍ ജപ്പാനിലെ തന്റെ അംബാസഡറായി സേവനമനുഷ്ഠിച്ച ട്രംപിന്റെ സുഹൃത്തായ സെനറ്റര്‍ ബില്‍ ഹാഗെര്‍ട്ടി ട്രംപിന്റെ താരിഫ് ഭീഷണികളെ വ്യാപാര ഇടപാടുകള്‍ പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള ഒരു പ്രേരണയായി മാത്രമായി കാണുന്നത് 'ദയനീയമായ നിഷ്‌കളങ്കത' യാണെന്ന് പറഞ്ഞു.
താരിഫ് ഏര്‍പ്പെടുത്തുമെന്ന വാക്ക് ട്രംപ് നടപ്പാക്കുമെന്ന് ഹഗെര്‍ട്ടി പറഞ്ഞു, യുഎസുമായി കൂടുതല്‍ 'പരസ്പര' വ്യാപാര ബന്ധം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് ആരായാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുമായി അടുത്തിടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ഒന്നിന് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25% തീരുവ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍, കൃഷിക്കാര്‍ എന്നിവരില്‍ യുഎസ്എംസിഎയുടെ സ്വാധീനം അവലോകനം ചെയ്യുന്നതിന് നേതൃത്വം നല്‍കാനും കരാറിലെ യുഎസ് പങ്കാളിത്തത്തെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും യുഎസ്ടിആറിന് നിര്‍ദ്ദേശം നല്‍കുന്ന വിശാലമായ വ്യാപാര മെമ്മോറാണ്ടത്തില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു.
കാനഡയുമായും മെക്‌സിക്കോയുമായും യു. എസ്. വ്യാപാര കരാര്‍ പുനഃക്രമീകരിക്കനൊരുങ്ങി ട്രംപ്