കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + ആളുകളോടും ട്രംപ് ദയ കാണിക്കണമെന്ന് ബിഷപ്പ്

കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + ആളുകളോടും ട്രംപ് ദയ കാണിക്കണമെന്ന് ബിഷപ്പ്


വാഷിംഗ്ടണ്‍ ഡി.സി: കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + കമ്മ്യൂണിറ്റികളില്‍പെട്ടവരോടും കരുണകാണിക്കണമെന്ന് ഒരു ഉദ്ഘാടന പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ വാഷിംഗ്ടണിലെ എപ്പിസ്‌കോപ്പല്‍ വനിത ബിഷപ്പ് മരിയന്‍ ബുഡെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലിലെ പള്‍പ്പിറ്റില്‍ നിന്ന് റൈറ്റ് റവ. ബിഷപ് മരിയന്‍ ബുഡെ, സംസാരിക്കുകയും വികാര നിര്‍ഭരമായി അപേക്ഷിക്കുകയും ചെയ്തപ്പോള്‍, മെലാനിയ ട്രംപിനും ജെഡി വാന്‍സിനും ഒപ്പം മുന്‍ നിരയില്‍ ഗൗരവഭാവത്തില്‍ ഇരിക്കുകയായിരുന്നു ട്രംപ്. ബിഷപ്പിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍, അത് അത്ര ആവേശകരമായ ഒന്നായിരുന്നില്ലെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അതൊരു നല്ല ശുശ്രൂഷയാണെന്ന്  കരുതുന്നില്ല-ചൊവ്വാഴ്ച വൈറ്റ് ഹൗസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. 'അവര്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു'.

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ആതിഥേയത്വം വഹിക്കുകയും ഇരുപാര്‍ട്ടികളുടെയും പ്രസിഡന്റുമാര്‍ അവരുടെ കാലാവധിയുടെ തുടക്കത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഉദ്ഘാടനാനന്തര ദിനത്തില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു വലിയ പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു ബിഷപ്പിന്റെ പ്രഭാഷണം. ചൊവ്വാഴ്ച രാവിലെ നടന്ന ശുശ്രൂഷ പുതിയ ഭരണകൂടത്തിന്റെ വിജയത്തിനായുള്ള അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും ബിഷപ് ബുഡെ മതപ്രഭാഷണം നടത്താന്‍ എഴുന്നേറ്റപ്പോള്‍ അത് കൂടുതല്‍ മൂര്‍ച്ചയുള്ളതും കൂടുതല്‍ രാഷ്ട്രീയവുമായ വഴിത്തിരിവിലേക്കെത്തി.

'അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിന്' ഒരു കൊലയാളിയുടെ വെടിയുണ്ടയില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചുവെന്ന് ട്രംപ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതിനെ പരാമര്‍ശിച്ചുകൊണ്ട്, 'സ്‌നേഹമുള്ള ദൈവത്തിന്റെ രക്ഷാ കരം നിങ്ങളെ സ്പര്‍ശിച്ചതായി അനുഭവപ്പെട്ടു' എന്ന് ബിഷപ് പറഞ്ഞു. 'നമ്മുടെ ദൈവത്തിന്റെ നാമത്തില്‍, ഇപ്പോള്‍ ഭയപ്പെടുന്ന നമ്മുടെ രാജ്യത്തെ ജനങ്ങളോട് കരുണ കാണിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ തുടര്‍ന്ന് അഭ്യര്‍ത്ഥിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ അമേരിക്കക്കാര്‍ക്കുള്ള ബൈഡന്‍ കാലഘട്ടത്തിലെ സംരക്ഷണങ്ങള്‍ പിന്‍വലിക്കുകയും കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിട്ടുകൊണ്ട് തന്റെ ആദ്യ മണിക്കൂറുകള്‍ ഓഫീസില്‍ ചെലവഴിച്ച പുതിയ പ്രസിഡന്റിനെതിരെതിരെ പൊതു വിമര്‍ശനം ഉയരുന്നതിനും ബുഡെയുടെ പ്രഭാഷണം കാരണമായി.

ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനും തെക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കാനും യുഎസ് അഭയാര്‍ത്ഥി പ്രവേശന പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രസിഡന്റ് ട്രംപ് ഇമിഗ്രേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ത്തന്നെ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ രാജ്യത്ത് പുരുഷനും-സ്ത്രീയും എന്ന 'രണ്ട് ലിംഗക്കാരെമാത്രം അംഗീകരിച്ചാല്‍ മതിയെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

'ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍, സ്വതന്ത്ര കുടുംബങ്ങളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭയപ്പാടിലാണെന്ന് പറഞ്ഞ ബുഡെ അവരോട് അനുകമ്പ കാണിക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരെക്കുറിച്ചും അവര്‍ സംസാരിച്ചു-'നമ്മുടെ വിളകള്‍ എടുക്കുകയും' 'ആശുപത്രികളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി പേരുണ്ട്. അവര്‍ പക്ഷേ പൗരന്മാരോ ശരിയായ രേഖകള്‍ ഉള്ളവരോ ആയിരിക്കില്ല.

'കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും കുറ്റവാളികളല്ല. അവര്‍ നികുതി അടയ്ക്കുകയും നല്ല അയല്‍ക്കാരാകുകയും ചെയ്യുന്നു. അവര്‍ നമ്മുടെ പള്ളികള്‍, മോസ്‌കുകള്‍, സിനഗോഗുകള്‍, ഗുരുദ്വാരകള്‍, ക്ഷേത്രങ്ങള്‍ എന്നിവയിലെ വിശ്വസ്ത അംഗങ്ങളാണ്. അപരിചിതരോട് കരുണ കാണിക്കണമെന്നാണ് നമ്മുടെ ദൈവം നമ്മെ പഠിപ്പിക്കുന്നത്. കാരണം നമ്മളും ഒരിക്കല്‍ ഈ രാജ്യത്ത് അപരിചിതരായിരുന്നുവെന്ന് ബുഡെ പറഞ്ഞു.

ബുഡെ അവരുടെ പ്രഭാഷണം പൂര്‍ത്തിയാക്കിയപ്പോള്‍, ട്രംപ് തിരിഞ്ഞ് വാന്‍സിനോട് എന്തോ പറഞ്ഞു, അദ്ദേഹം തല കുലുക്കിക്കൊണ്ട് പ്രതികരിക്കുന്നതും കാണാമായിരുന്നു.

അധികാരമേറ്റ ആദ്യ കാലയളവില്‍ തന്നെ ട്രംപുമായി ബുഡെ ഏറ്റുമുട്ടിയിരുന്നു. 2020 ല്‍, ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന സമാധാനപരമായ പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ഫെഡറല്‍ ഓഫീസര്‍മാര്‍ ബലപ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണിലെ സെന്റ് ജോണ്‍സ് എപ്‌സിക്കോപാല്‍ പള്ളിയ്ക്ക് മുന്നില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതില്‍ അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ട്രംപിന്റെ വിശ്വസ്തര്‍ ഇതിനകം തന്നെ ബുഡെ അവരുടെ പരാമര്‍ശങ്ങളുടെ പേരില്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റിനെ വിമര്‍ശിച്ച ബുഡെയെ നാടുകടത്തല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജിയ കോണ്‍ഗ്രസ് അംഗം മൈക്ക് കോളിന്‍സ് പറഞ്ഞു. അതേസമയം അമേരിക്കക്കാരുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.