തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. തുരുത്തില്‍ നിന്നിരുന്ന ആന പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായി ഓടുകയായിരുന്നു. ആനയെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തുകയാണ്.
അതിരപ്പിള്ളി വെറ്റിലപ്പാറ 14ല്‍ നിന്നിരുന്ന ആനയെ പടക്കം പൊട്ടിച്ച് അടുത്തുള്ള റബര്‍ തോട്ടത്തിലെത്തിച്ച് മയക്കുവെടി വെയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ പദ്ധതി. എന്നാല്‍, പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായ കാട്ടാന വനത്തിലേക്ക് ഓടി കയറുകയായിരുന്നു. അതോടെ ആദ്യ ശ്രമം പാളി.
വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വയ്ക്കാന്‍ എത്തിയിരുന്നത്. കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആന ഉള്‍വനത്തിലേക്ക് കയറിയെന്നും നാലു മണി വരെ ശ്രമം തുടരുമെന്നും വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍. ലക്ഷ്മി അറിയിച്ചു.
നിലവില്‍ ആന നിരീക്ഷണ വലയത്തിലില്ല. ഉള്‍ക്കാട്ടില്‍വച്ച് മയക്കുവെടി വയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ ആനയെ കണ്ടെത്തിയത്.
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം പരാജയം