മഹാകുംഭമേളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തി ഐ എസ് ആര്‍ ഒ

മഹാകുംഭമേളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തി ഐ എസ് ആര്‍ ഒ


അലഹബാദ്: 2025 ലെ മഹാ കുംഭമേളയുടെ മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പകര്‍ത്തി. ത്രിവേണി സംഗമത്തില്‍ നിര്‍മ്മിച്ച ടെന്റ് സിറ്റികള്‍, റോഡുകള്‍, നിരവധി പോണ്ടൂണ്‍ പാലങ്ങള്‍ എന്നിവയുടെ ലേഔട്ട് ഉള്‍പ്പെടെയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ട ചിത്രങ്ങള്‍ കാണിക്കുന്നു.

എല്ലാ കാലാവസ്ഥയെയും നേരിടാനുള്ള ശേഷിയും മികച്ച റെസല്യൂഷനും ഉള്ള 'ഇ' ബാന്‍ഡ് മൈക്രോവേവ് ഉപഗ്രഹമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കൂടാതെ, ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ സമയ ശ്രേണി ചിത്രങ്ങള്‍ 12 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ശിവാലയ പാര്‍ക്കിന്റെ നിര്‍മ്മാണവും കാണിച്ചു.

പ്രയാഗ്രാജിലെ ഇന്ത്യയുടെ ആകൃതിയിലുള്ള ഒരു പാര്‍ക്കാണ് ശിവാലയ പാര്‍ക്ക്, മഹാ കുംഭമേളയുടെ ഒരു പ്രധാന ആകര്‍ഷണമാണിത്.

സാധ്യതയുള്ള ദുരന്തങ്ങള്‍ നിയന്ത്രിക്കാനും ജനക്കൂട്ട നിയന്ത്രണത്തിനും യു പി ഭരണകൂടം ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

2025ലെ മഹാ കുംഭമേളയില്‍ 450 ദശലക്ഷത്തിലധികം ഭക്തര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 1.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു.

യു പി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, 2025ലെ മഹാ കുംഭമേള റിയോ കാര്‍ണിവലിന്റെ 70 ലക്ഷം സന്ദര്‍ശകരെയും ഒക്ടോബര്‍ ഫെസ്റ്റിന്റെ 72 ലക്ഷത്തെയും ഹജ്ജില്‍ പങ്കെടുക്കുന്ന 25 ലക്ഷത്തെയും മറികടക്കുന്നു.

മാത്രമല്ല, യുഎസ്, കാനഡ തുടങ്ങിയ പ്രധാന രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാള്‍ ഭക്തരുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.