ജല്‍ഗാവ്: ട്രെയിനില്‍ തീ പിടിച്ചിട്ടുണ്ടെന്ന കിംവദന്തിയെ തുടര്‍ന്ന് ചങ്ങല വലിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാരെ സമീപത്തെ ട്രാക്കിലൂടെ കടന്നു പോകുന്ന തീവണ്ടി ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനയെന്ന് കേന്ദ്രമന്ത്രി രക്ഷാ കഡ്‌സെ അറിയിച്ചു.
ലക്‌നൗവില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് യാത്രക്കാര്‍ മരിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. മുംബൈയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയുള്ള പച്ചോറയില്‍ മഹേജി- പര്‍ദാദേ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്.
പുഷ്പക് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായെന്ന പ്രചരണമുണ്ടായതോടെ യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് എടുത്തു ചാടിയതാണ് അപകടത്തിന് കാരണമായത്. സമീപത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരുന്നത് യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല.
അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.