അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ബോലു പ്രവിശ്യയില്‍ 12 നിലകളുള്ള ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. തീയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ട് പേരും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ (185 മൈല്‍) കിഴക്കാണ് ബൊലു പ്രവിശ്യ. തീപിടുത്തത്തില്‍ കുറഞ്ഞത് 51 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. മരിച്ച 76 പേരില്‍ 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സ്‌കൂളുകള്‍ക്ക് രണ്ടാഴ്ചത്തെ ശൈത്യകാല അവധി ആരംഭിക്കുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ഇതിനാല്‍ തന്നെ ഈ സമയത്ത് മേഖലയിലെ ഹോട്ടലുകളില്‍ വലിയ തിരക്കായിരുന്നു. രജിസ്റ്റര്‍ ചെയ്ത 238 അതിഥികളായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നുത്. സംഭവത്തിന് പിന്നിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അലി യെര്‍ലികായ പറഞ്ഞു.
'ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ദുഃഖത്തിലാണ്. എന്നാല്‍ ഈ വേദനയ്ക്ക് കാരണക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും'- അലി യെര്‍ലികായ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ 3:27- നാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 4:15 മുതല്‍ക്ക് തന്നെ അഗ്‌നിശമന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഹോട്ടലിന്റെ റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. ഇതു അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യെര്‍ലികായ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തവരില്‍ ഹോട്ടലിന്റെ ഉടമയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യില്‍മാസ് തുങ്ക് നേരത്തെ പറഞ്ഞിരുന്നു. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായി ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും 17 പേരെ ചികിത്സിച്ച് വിട്ടയച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ നടുക്കിയ സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളിലെയും തുര്‍ക്കി നയതന്ത്ര ദൗത്യങ്ങളിലെയും ഉള്‍പ്പെടെയുള്ള എല്ലാ പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി