കഴിവുള്ളവര്‍ രാജ്യത്തേക്ക് വരട്ടെ; എച്ച് 1 ബി വിസയില്‍ നിലപാട് അറിയിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

കഴിവുള്ളവര്‍ രാജ്യത്തേക്ക് വരട്ടെ; എച്ച് 1 ബി വിസയില്‍ നിലപാട് അറിയിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് ആശ്വാസം


വാഷിംഗ്ടണ്‍: പുതിയ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസക്കാരുടെ ഭാവിയെ എങ്ങനെയായിരിക്കും നേരിടുക എന്ന ആശങ്കകള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താന്‍ എച്ച് 1 ബി വിസയില്‍ വിശ്വസിക്കുന്നുവെന്നും തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നുമാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. നമ്മുടെ രാജ്യത്തേക്ക് കഴിവുള്ള ഏറ്റവും നല്ല ചെറുപ്പക്കാര്‍ വരട്ടെയെന്നും ബിസിനസ് വളരാന്‍ വിദഗ്ധരായ പൗരന്മാര്‍ മുന്നോട്ട് വരട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ട്രംപ് തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. 2023ല്‍ അനുവദിച്ച 3,86,000 എച്ച് 1 ബി വിസകളില്‍ 72.3 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി സാധ്യത കുറയുന്നുവെന്നും ആദ്യം പരിഗണിക്കേണ്ടത് സ്വദേശികളെയാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിസയ്ക്ക് അനുകൂലമായുള്ള ട്രംപിന്റെ ഇപ്പോഴത്തെ നിലപാട് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത് ഇന്ത്യക്കാര്‍ക്കാണ്.

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പരിപാടിയാണ് എച്ച് വണ്‍ ബി വിസ. ഈ പദ്ധതി പ്രകാരം വര്‍ഷംതോറും ബാച്ചിലര്‍ ബിരുദത്തില്‍ കുറയാത്ത വിദ്യാഭ്യാസമുള്ള 65,000 പേരെ നിയമിക്കാം. എച്ച് വണ്‍ ബി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നത് തൊഴിലുടമയാണ്, ജീവനക്കാരന് നേരിട്ട് അപേക്ഷിക്കാനാവില്ല.

ജോലി നഷ്ടമായാല്‍ നിശ്ചിത സമയത്തിനകം (സാധാരണ 60 ദിവസം) പുതിയ തൊഴിലുടമയെ കണ്ടെത്തണം, അല്ലെങ്കില്‍ അമേരിക്ക വിടണം. അതിനാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നു. എച്ച് വണ്‍ ബി വിസ തുടക്കത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. ഇത് പരമാവധി ആറു വര്‍ഷമായി ദീര്‍ഘിപ്പിക്കാനാവും.