ട്രംപ് പിന്തുണക്കുന്ന സ്റ്റാര്‍ഗേറ്റ് എഐയില്‍ മസ്‌കിന്റെ തടയിടല്‍ ശ്രമം

ട്രംപ് പിന്തുണക്കുന്ന സ്റ്റാര്‍ഗേറ്റ് എഐയില്‍ മസ്‌കിന്റെ തടയിടല്‍ ശ്രമം


വാഷിംഗ്ണ്‍: നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി പ്രമുഖ ടെക് എക്‌സിക്യൂട്ടീവുകളുമായുള്ള ട്രംപിന്റെ നീക്കങ്ങളില്‍ തടയിടാന്‍ ശ്രമം നടത്തി എലോണ്‍ മസ്‌ക്. 500 ബില്യണ്‍ ഡോളറിന്റേതാണ് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ സറ്റാര്‍ഗേറ്റ് എ ഐ പദ്ധതി. 

എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികളില്‍ രണ്ടെണ്ണത്തിന് മതിയായ മൂലധനമില്ലെന്ന് എക്‌സില്‍ എഴുതിയ മസ്‌ക് സംയുക്ത സംരംഭം നിലംപരിശാകുമോ എന്ന സംശയവും ഉന്നയിച്ചു. 

സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഫെഡറല്‍ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കാനും ട്രംപ് മസ്‌കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍  മസ്‌കും പുതിയ പ്രസിഡന്റും തമ്മില്‍ ചിലപ്പോള്‍ വിചിത്രമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഉദാഹരണമായി ഈ അഭിപ്രായങ്ങള്‍ മാറി. 

ആഗോള ടെക് നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായും ഡാറ്റാബേസ് കമ്പനിയായ ഒറാക്കിളുമായും സംയുക്ത സംരംഭം പ്രഖ്യാപിച്ച ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ പോസ്റ്റിന് മസ്‌ക് മറുപടി നല്‍കി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള അഭിപ്രായത്തിന് വൈറ്റ് ഹോസും കമ്പനികളും പ്രതികരിച്ചില്ല. 

പ്രസിഡന്റ് ട്രംപിനൊപ്പം ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പങ്കെടുത്തത്. 

സ്റ്റാര്‍ഗേറ്റ് എന്നറിയപ്പെടുന്ന 500 ബില്യണ്‍ ഡോളറിന്റെ പദ്ധതിയെക്കുറിച്ചുള്ള മസ്‌കിന്റെ അഭിപ്രായങ്ങള്‍ ടെസ്ല ചീഫ് എക്സിക്യൂട്ടീവും ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷങ്ങളാണ് വിശദമാക്കുന്നത്. കമ്പനിയെ 'വിപണിയെ തളര്‍ത്തുന്ന ഗോര്‍ഗോണ്‍' എന്ന് വിളിച്ച് മസ്‌ക് ഓപ്പണ്‍എഐക്കെതിരെ സംസാരിച്ചു. മസ്‌കിന് ആള്‍ട്ട്മാനോട് താത്പര്യമില്ലെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐ ഓപ്പണ്‍എഐയ്ക്കും സോഫ്റ്റ്ബാങ്കിനും എതിരാളിയാണ്. 

എന്നാല്‍ നിങ്ങളുടെ നേട്ടങ്ങളെ താന്‍ ആത്മാര്‍ഥമായി ബഹുമാനിക്കുന്നുവെന്നും തങ്ങളുടെ കാലത്തെ ഏറ്റവും പ്രചോദനാത്മകമായ സംരംഭകനാണ് നിങ്ങളെന്ന് താന്‍ കരുതുന്നുവെന്നും മസ്‌കിന്റെ പോസ്റ്റിന് മറുപടിയായി ആള്‍ട്ട്മാന്‍ എക്‌സില്‍ എഴുതി.

മൈക്രോസോഫ്റ്റിനെ ഈ പദ്ധതിയില്‍ 'സാങ്കേതിക പങ്കാളി'യായി തെരഞ്ഞെടുത്തു. അതായത് സ്റ്റാര്‍ഗേറ്റിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതില്‍ കമ്പനി പങ്കാളിയാകും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല മസ്‌കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സിഎന്‍ബിസിയോട് മറുപടി പറഞ്ഞു. 

സ്റ്റാര്‍ഗേറ്റിന് പിന്നിലുള്ള കമ്പനികള്‍ ഓരോ പങ്കാളിയും എത്ര പണം സംഭാവന ചെയ്യുമെന്നോ എല്ലാ ഫണ്ടുകളും എവിടെ നിന്ന് വരുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ഇക്വിറ്റി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്റ്റാര്‍ഗേറ്റ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  സ്റ്റാര്‍ഗേറ്റിന്റെ പ്രോജക്ടുകള്‍ക്കായി പണം നല്‍കുന്നതിന് മൂന്നാം കക്ഷികളില്‍ നിന്ന് കടം സ്വരൂപിക്കാനും സോഫ്റ്റ്ബാങ്ക് പദ്ധതിയിടുന്നു.

ഓപ്പണ്‍എഐ കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പണം നഷ്ടപ്പെടുന്നുണ്ട്.  ഒറാക്കിളിന് ഏകദേശം 11 ബില്യണ്‍ ഡോളര്‍ പണവും വിപണനം ചെയ്യാവുന്ന സെക്യൂരിറ്റികളുമുണ്ട്. എങ്കിലും കൂടുതല്‍ കടബാധ്യതയുമുണ്ട്. സോഫ്റ്റ്ബാങ്കിന്റെ കൈവശം ഏകദേശം 30 ബില്യണ്‍ ഡോളറുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി തലവനായി മസ്‌കിന്റെ നിയമിച്ചതിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് ട്രംപ് നയിക്കുന്ന സംരംഭത്തെക്കുറിച്ച് മസ്‌ക് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ട്രംപിന്റെ തീരുമാനങ്ങളില്‍ മസ്‌ക് പരസ്യമായി അഭിപ്രായം പറഞ്ഞ ആദ്യത്തെ സംഭവമല്ല ഇത്. തെരഞ്ഞെടുപ്പിന് ശേഷം ദീര്‍ഘകാല നിക്ഷേപകനായ സ്‌കോട്ട് ബെസെന്റിനെക്കാള്‍ ട്രഷറി സെക്രട്ടറിയാകാന്‍ ട്രാന്‍സിഷന്‍ കോ-ചെയര്‍ ഹോവാര്‍ഡ് ലുട്നിക്കിന് മസ്‌ക് പിന്തുണ നല്‍കി. നിര്‍ണായക ജോലിക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് ലുട്നിക്കിനും ബെസെന്റിനും അവരുടെ സഖ്യകക്ഷികള്‍ക്കും ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു മസ്‌കിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഒടുവില്‍ ട്രംപ് ട്രഷറി സെക്രട്ടറിയായി ബെസെന്റിനെ തെരഞ്ഞെടക്കുകയും ലുട്നിക്കിന് വാണിജ്യ സെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തു.