ഹിസ്ബുള്ള ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

ഹിസ്ബുള്ള ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു


ബെയ്‌റൂത്ത്: ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ലെബനന്റെ പടിഞ്ഞാറന്‍ ബെക്ക ജില്ലയിലെ മച്ച്ഘര പ്രദേശത്തുള്ള വീടിനു പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. 

രണ്ട് വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ ഹമാദിയെ ആറ് തവണ വെടിവെക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊലപാതകത്തെക്കുറിച്ച് ലെബനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ്ര

1985-ല്‍ ലുഫ്താന്‍സ ഫ്‌ളൈറ്റ് 847 ഹൈജാക്ക് ചെയ്തതില്‍ എഫ്ബിഐ അന്വേഷിക്കുന്നയാളാണ് ഹമാദി. ഹൈജാക്കിംഗിനിടെ 153 യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കിയിരുന്നു. ഒരു അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഹമാദി ഉള്‍പ്പെട്ടിട്ടുണ്ട്. 

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ ജനുവരി 26ന് അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹമാദിയുടെ കൊലപാതകം. കരാര്‍ പ്രകാരം, ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. അതേസമയം ഹിസ്ബുള്ള ലിറ്റാനി നദിയുടെ വടക്ക് ഭാഗത്തേക്ക് പിന്‍വാങ്ങുകയും വേണം. 

നവംബര്‍ 27ന് ധാരണയായ വെടിനിര്‍ത്തല്‍ പ്രകാരം ഹിസ്ബുള്ള തെക്കന്‍ ലെബനനിലെ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇസ്രായേല്‍ 60 ദിവസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ലെബനന്‍ സൈന്യത്തിനും യു എന്‍ സമാധാന സേനാംഗങ്ങള്‍ക്കും നിയന്ത്രണം കൈമാറണമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതുവരെ ഇസ്രായേല്‍ രണ്ട് പട്ടണങ്ങള്‍ മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടരുകയാണ്.