വാഷിംഗ്ടണ്‍: ജനുവരി 27ന് യു എസിന്റെ അഭയാര്‍ഥി പുനരധിവാസ പരിപാടി താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് യു എസിലേക്ക് പോകാന്‍ അനുമതി ലഭിച്ച ആയിരക്കണക്കിന് അഭയാര്‍ഥികളുടെ പദ്ധതികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം റദ്ദാക്കി. ഈ അഭയാര്‍ഥികള്‍ ഇപ്പോള്‍ ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
വിദേശ അഭയാര്‍ഥി റഫറല്‍ പ്രക്രിയ നിര്‍ത്താനും സ്വകാര്യ യു എസ് പൗരന്മാര്‍ക്ക് അഭയാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിച്ച ബൈഡന്‍ ഭരണകൂട പരിപാടി നിര്‍ത്താനും ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
'കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു' എന്നാണ്
അഭയാര്‍ഥി പ്രോസസ്സിംഗിനും വരവിനും മേല്‍നോട്ടം വഹിക്കുന്ന യു എസ് ഏജന്‍സി ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.
എങ്കിലും യു എസിനായി വിദേശത്ത് ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ, സ്‌പെഷ്യല്‍ ഇമിഗ്രന്റ് വിസ (എസ്ഐവി) ഉടമകള്‍ക്ക് ഇത് ബാധകമല്ല. അവരെ യാത്ര ചെയ്യാന്‍ അനുവദിക്കും. മാത്രമല്ല, യു എസിനുള്ളില്‍ ഉള്ള അഭയാര്‍ഥികള്‍ക്കും പിന്തുണ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.
2021-ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതിനുശേഷം ബൈഡന്‍ ഭരണകൂടം നിശ്ചയിച്ച പരിപാടിയുടെ ഭാഗമായി യു എസില്‍ പുനരധിവസിപ്പിക്കാന്‍ അനുമതി ലഭിച്ച 1,600-ലധികം അഫ്ഗാനികളും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ അഭയാര്‍ഥി വിഷയത്തില്‍ നിലപാട് മാറ്റാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.