വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ്. നടന്നുകൊണ്ടിരിക്കുന്ന 'പരിഹാസ്യമായ യുദ്ധം' അവസാനിപ്പിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് അല്ലെങ്കില്‍ ഉയര്‍ന്ന നികുതികളും താരിഫുകളും ഉപരോധങ്ങളും നേരിടാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 'നമുക്ക് അത് എളുപ്പവഴിയിലോ കഠിനമായ വഴിയിലോ ചെയ്യാം' എന്നും കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും ആരംഭിക്കില്ലായിരുന്ന ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം' എന്ന പതിവ് വാക്കുകളും ട്രംപ് ഉപയോഗിച്ചു.
താന്‍ റഷ്യയെ വേദനിപ്പിക്കാനല്ല ശ്രമിക്കുന്നതെന്നും റഷ്യന്‍ ജനതയെ സ്‌നേഹിക്കുന്നുവെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ എഴുതിയ ട്രംപ് തനിക്ക് പുടിനുമായി എല്ലായ്‌പ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ സഹായിച്ചു എന്ന കാര്യം ഒരിക്കലും മറക്കരുതെന്നും അതില്‍ ആറുകോടി പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.
സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്ന റഷ്യയ്ക്കും പ്രസിഡന്റ് പുടിനും താന്‍ 'വളരെ വലിയ അനുകൂല നിലപാട്' ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കണമെന്നും പരിഹാസ്യമായ യുദ്ധം നിര്‍ത്തണമെന്നും കരാറുണ്ടാക്കിയില്ലെങ്കില്‍ അത് കൂടുതല്‍ വഷളാകുമെന്നും ട്രംപ് ഓര്‍മിപ്പിച്ചു. താമസിയാതെ റഷ്യ അമേരിക്കയ്ക്കും മറ്റ് വിവിധ പങ്കാളി രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന എന്തിനും ഉയര്‍ന്ന തലത്തിലുള്ള നികുതികള്‍, താരിഫുകള്‍, ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നു.
അധികാരമേറ്റയുടന്‍ തന്നെ സംഘര്‍ഷത്തിന് പെട്ടെന്ന് പരിഹാരം കാണുമെന്ന് ട്രംപ് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.
ട്രംപിന്റെ വാഗ്ദാനങ്ങളില്‍ മോസ്‌കോ സംശയാലുവാണെങ്കിലും യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഭരണകൂടവുമായി ഇടപഴകാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.
2022 ഫെബ്രുവരി 24നാണ് മോസ്‌കോ 'പ്രത്യേക സൈനിക നടപടി'യിലൂടെ യുക്രെയ്‌നിലേക്ക് അധിനിവേശം നടത്തുകയും യുദ്ധം ആരംഭിക്കുകയും ചെയ്തത്.