ഗ്രീന്‍ലാന്‍ഡ് പദ്ധതി അനുകൂലിക്കാത്ത രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപ്

ഗ്രീന്‍ലാന്‍ഡ് പദ്ധതി അനുകൂലിക്കാത്ത രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള തന്റെ പദ്ധതിയെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ യു എസിലെ മരുന്നുകളുടെ വില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതികള്‍ക്ക് ചുമത്തിയ തീരുവകളെ അദ്ദേഹം പരാമര്‍ശിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തിലും താനത് ചെയ്യാമെന്നും പിന്തുണയ്ക്കുന്നില്ലെങ്കില്‍ രാജ്യങ്ങള്‍ക്ക് തീരുവ ചുമത്താന്‍ തയ്യാറാണെന്നും ദേശീയ സുരക്ഷയ്ക്കായി തങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

തന്ത്രപ്രധാനമായ ആര്‍ട്ടിക് മേഖലയിലുള്ള ഈ പ്രദേശം അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് അനിവാര്യമാണെന്നും അല്ലാത്തപക്ഷം റഷ്യയോ ചൈനയോ നിയന്ത്രണം നേടാന്‍ ശ്രമിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് ദേശീയ സുരക്ഷാ ആവശ്യകതയാണെന്ന വാദമാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം തടയാന്‍ ഡെന്‍മാര്‍ക്കിന് കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും ദ്വീപ് വില്‍പ്പനയ്ക്കില്ലെന്നും ബലം പ്രയോഗിക്കുമെന്ന ഭീഷണി ഉത്തരവാദിത്വരഹിതമാണെന്നും സുരക്ഷാ ആശങ്കകള്‍ സഖ്യകക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേറ്റോ അംഗമായ ഡെന്‍മാര്‍ക്കിനെ യൂറോപ്യന്‍ യൂണിയനിലെ പ്രധാന രാജ്യങ്ങള്‍ പിന്തുണച്ചിട്ടുണ്ട്.

ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡിനും പിന്തുണ പ്രഖ്യാപിച്ച് യു എസ് കോണ്‍ഗ്രസിലെ ഇരുകക്ഷി പ്രതിനിധി സംഘം കോപ്പന്‍ഹേഗനിലേക്ക് സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ തീരുവ ഭീഷണി. ഇതോടൊപ്പം, ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ആര്‍ട്ടിക് ദ്വീപായ ഗ്രീന്‍ലാന്‍ഡിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനിക നിരീക്ഷണ ദൗത്യം നടത്തിയും പിന്തുണ അറിയിച്ചു.

ഗ്രീന്‍ലാന്‍ഡിനായുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ജെഫ് ലാന്‍ഡ്രി മാര്‍ച്ചില്‍ ഡാനിഷ് പ്രദേശം സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്നും ഒരു കരാര്‍ സാധ്യമാകുമെന്നാണ് തന്റെ വിശ്വാസമെന്നും അറിയിച്ചു. പ്രസിഡന്റ് ഗൗരവത്തിലാണെന്നനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഡെന്‍മാര്‍ക്കിനോട് എന്താണ് അദ്ദേഹത്തിന് ആവശ്യമായതെന്ന് പറഞ്ഞിട്ടുണ്ടെന്നും ലാന്‍ഡ്രി കൂട്ടിച്ചേര്‍ത്തു.