സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ 'രാഷ്ട്രീയ പ്രക്രിയ' കാണണമെന്ന് യു എസ്

സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ 'രാഷ്ട്രീയ പ്രക്രിയ' കാണണമെന്ന് യു എസ്


വാഷിംഗ്ടണ്‍: 2012 മുതല്‍ സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയ കാണാന്‍ ആഗ്രഹിക്കുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കഴിഞ്ഞയാഴ്ച വിമത വിഭാഗങ്ങള്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വന്‍ ആക്രമണം നടത്തുകയും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

എച്ച് ടി എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. യു എസും ഐക്യരാഷ്ട്രസഭയും എച്ച് ടി എസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 

ആഭ്യന്തരയുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു, സാധാരണക്കാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംരക്ഷണമാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നും മൊത്തത്തിലുള്ള നയം അതേപടി തുടരുന്നുവെന്നും ആഭ്യന്തരയുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള ഗൗരവമേറിയതും വിശ്വസനീയവുമായ രാഷ്ട്രീയ പ്രക്രിയ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2254-ന് അനുസൃതമായ രാഷ്ട്രീയ ഒത്തുതീര്‍പ്പാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സിറിയയിലെ നിരപരാധികളുടെ രക്തം കൈകളില്‍ പുരണ്ട ക്രൂരനായ ഏകാധിപതിയാണ് അസദെന്നും ആത്യന്തികമായി കാണാന്‍ ആഗ്രഹിക്കുന്നത്  സിറിയന്‍ ജനത തങ്ങളുടെ നേതാക്കള്‍ ആരാണെന്ന് നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണെന്നും  സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞയാഴ്ച ആരംഭിച്ച വിമത ആക്രമണത്തില്‍ കുറഞ്ഞത് 72 സിവിലിയന്മാരടക്കം 400-ലധികം പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 50,000 പേര്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ തിങ്കളാഴ്ച അറിയിച്ചു. പ്രസിഡന്റ് അസദിനോട് കൂറുപുലര്‍ത്തുന്ന സേനയുടെ വര്‍ഷങ്ങളോളമുള്ള  നേട്ടങ്ങള്‍ മാറ്റിമറിച്ചാണ് വിമത വിഭാഗങ്ങള്‍ സിറിയയുടെ വലിയൊരു ഭാഗം പിടിച്ചെടുത്തത്. എച്ച് ടി എസും വിമത സഖ്യകക്ഷികളും സിറിയയിലെ രണ്ടാമത്തെ നഗരമായ അലപ്പോയും ഡസന്‍ കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പിടിച്ചെടുത്തു.