പഹല്‍ഗാം ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്

പഹല്‍ഗാം ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്


വാഷിംഗ്ടണ്‍ : ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രചാരണം വിജയം കൈവരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ പാകിസ്ഥാന്‍ പിന്തുണയുള്ള 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' നെ യുഎസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രോക്‌സി സംഘടനയായ ടിആര്‍എഫിനെ വിദേശ ഭീകര സംഘടനകളുടെയും ആഗോള ഭീകരരുടെയും പട്ടികയില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഈ വിവരം നല്‍കിയത്.

ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് നീതി തേടുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. യുഎന്‍ ഇതിനകം തന്നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്ത ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു മുന്നണി സംഘടനയാണ് ടിആര്‍എഫ് എന്ന് അമേരിക്കയും ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്.

2008ല്‍ ലഷ്‌കര്‍ഇതൊയ്ബയുടെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചിരുന്നു.

ടിആര്‍എഫിന് ഇനി ഭയക്കേണ്ടി വരും  

1 – ടിആര്‍എഫ് ഭീകരര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നടപടിയുണ്ടാകും.

2 – ടിആര്‍എഫ് ഭീകരര്‍ക്കെതിരെ കര്‍ശന സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും.

3 – ടിആര്‍എഫുമായി ബന്ധപ്പെട്ട ആളുകള്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തും.

4 – ടിആര്‍എഫിനെതിരായ തീവ്രവാദ വിരുദ്ധ പ്രചാരണം ശക്തമാക്കും.

അതേ സമയം ഇവിടെ എടുത്ത് പറയേണ്ടത് ഭീകരവാദി ഹാഫിസ് സയീദിന്റെ സംഘടനകള്‍ക്കെതിരെ അമേരിക്ക കര്‍ശന നടപടി സ്വീകരിക്കുന്നുവെന്നതാണ്. 2008ന്റെ തുടക്കത്തില്‍ മുംബൈ ആക്രമണത്തിന് ഉത്തരവാദിയായ ഹാഫിസ് സയീദിന്റെ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ നിരോധിക്കപ്പെട്ടിരുന്നു.

അതിനുശേഷം ഹാഫിസ് ജമാഅത്ത്ഉദ്ദവ രൂപീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇതിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ഇപ്പോള്‍ ഹാഫിസിന്റെ മറ്റൊരു മുന്നണി സംഘടനയായ ടിആര്‍എഫിനെയുമാണ് യുഎസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്.


പഹല്‍ഗാം ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്