യുഎസിനെ ആശങ്കയിലാഴ്ത്തി കൗമാരക്കാരുടെ 'ഡോര്‍ കിക്ക് ചലഞ്ച് ', പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പൊലീസിനും തലവേദന

യുഎസിനെ ആശങ്കയിലാഴ്ത്തി കൗമാരക്കാരുടെ 'ഡോര്‍ കിക്ക് ചലഞ്ച് ', പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പൊലീസിനും തലവേദന


വാഷിംഗ്ടണ്‍: യുഎസില്‍ 'ഡോര്‍ കിക്ക് ചലഞ്ച് ' എന്ന പേരില്‍ ഒരു പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് അതിവേഗം പ്രചരിക്കുന്നു. കൗമാരക്കാര്‍ വീടുകളുടെ വാതിലുകള്‍ ചവിട്ടിത്തുറന്ന് അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതാണ് 'ഡോര്‍ കിക്ക് ചലഞ്ച്'. സോഷ്യല്‍ മീഡിയയിലെ ഈ പുതിയ ചലഞ്ച് പോലീസിനും കുടുംബങ്ങള്‍ക്കും ഒരുപോലെ തലവേദനയും ആശങ്കയുമാകുന്നുണ്ട്. 

കോളിങ് ബെല്‍ അടിച്ചു വീട്ടുകാര്‍ വാതില്‍ തുറക്കും മുന്‍പ് ഓടിമറയുന്ന 'ഡിങ് ഡോങ് ഡിച്ച്' എന്ന സോഷ്യല്‍ മീഡിയ ട്രെന്‍ഡിന്റെ അപകടകരമായ വകഭേദമാണ് 'ഡോര്‍ കിക്ക് ചലഞ്ച്'. രാത്രിയുടെ മറവില്‍, കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയം മുഖംമൂടി ധരിച്ചു വീടിന് മുന്നിലെത്തി വാതില്‍ ചവിട്ടിത്തുറന്ന ശേഷം ഓടിമറയുന്നതാണ് വിചിത്രമായ ഈ ചലഞ്ച്. ഇത് വീടിന് നാശനഷ്ടത്തിനും കാരണമാകുന്നു. ഡോര്‍ കിക്ക് ചലഞ്ചിലൂടെ കൂടുതല്‍ കാഴ്ചക്കാരെ നേടാനും വൈറലാകാനുമാണ് കൗമാരക്കാ!രുടെ ശ്രമം.

ലാസ് വെഗാസില്‍ നിന്നുള്ള റിപ്പോ!ര്‍ട്ട് പ്രകാരം, പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു സംഘം വാതില്‍ ചവിട്ടിത്തുറന്നതിനെ തുടര്‍ന്ന് വീട്ടുടമയ്ക്ക് 5000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചു. ഫ്‌ലോറിഡയില്‍ സമാനമായ സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ക്കെതിരെ കവര്‍ച്ചാ കുറ്റം ചുമത്തി. പുതിയ ചലഞ്ച് ഒരു മരണത്തിനും ഇടയാക്കി. വിര്‍ജീനിയയില്‍ 18കാരനെ ഒരു വീട്ടുടമ വെടിവെച്ചു കൊലപ്പെടുത്തി. സ്‌പോട്ട്‌സില്‍വാനിയ കൗണ്ടിയിലായിരുന്നു ദാരുണ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് മൂന്നു കൗമാരക്കാരാണ് ചാലഞ്ച് നടത്തിയത്. വാതില്‍ പൊളിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമമാണെന്ന് കരുതി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് മൊഴി.

കാലിഫോര്‍ണിയ, ടെക്‌സസ്, മിഷിഗണ്‍, മേരിലാന്‍ഡ്, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 'ഡോര്‍ കിക്ക് ചലഞ്ച്' വ്യാപിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിസ്സാരമെന്ന് തോന്നുന്ന തമാശകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ ചലഞ്ച് മരണത്തിലേക്കുള്ള വഴിയാണെന്ന് ഫ്‌ലോറിഡയിലെ വൊല്യൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്‌വുഡ് പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ട്രെന്‍ഡ് ഒരു ദുരന്തത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്ന് ബാര്‍ക്ക് ടെക്‌നോളജീസിലെ ചീഫ് പാരന്റിങ് ഓഫീസര്‍ ടിറ്റാനിയ ജോര്‍ദാന്‍ പറഞ്ഞു. ഡിങ് ഡോങ് ഡിച്ച് പോലുള്ള തമാശകള്‍ പണ്ടുമുതലേ ഉണ്ട്, എന്നാല്‍ സോഷ്യല്‍ മീഡിയ അതിനെ വലുതാക്കി. പണ്ട് ഒരു നാട്ടില്‍ ഒതുങ്ങിയിരുന്ന തമാശകള്‍ ഇപ്പോള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുന്നു. കൗമാരക്കാര്‍ ഒരു ട്രെന്‍ഡിന്റെ ഭാഗമാകുമ്പോള്‍ അംഗീകാരം കിട്ടുന്നു. കൂട്ടുകാരെ ആകര്‍ഷിക്കാന്‍ വേണ്ടി കുട്ടികള്‍ എടുത്തുചാട്ടം കാണിക്കാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ എന്താണ് കാണുന്നതെന്നും എന്താണ് പോസ്റ്റ് ചെയ്യുന്നതെന്നും രക്ഷിതാക്കള്‍ സംസാരിക്കണം. അവരുടെ ഫീഡുകളില്‍ വരുന്ന ട്രെന്‍ഡുകളെക്കുറിച്ച് ചോദിക്കണം. തുറന്ന സംഭാഷണമാണ് ഏറ്റവും നല്ല പ്രതിരോധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈക്കുകളും ഫോളോവേഴ്‌സിനെയും നേടാന്‍ കൗമാരക്കാരെ അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ മീഡിയ സേഫ്റ്റിയുടെ സിഇഒ മാര്‍ക്ക് ബെര്‍ക്ക്മാന്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാളും സ്വന്തം ജീവന്‍ അപകടത്തിലാക്കുകയാണെന്നും വീട്ടുടമ സ്വയരക്ഷക്കായി മാരകമായ രീതിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ലൂയിസ്‌വില്ലെ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സമാനമായ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ ദുരന്തത്തില്‍ കലാശിച്ചിട്ടുണ്ട്.

യുഎസിനെ ആശങ്കയിലാഴ്ത്തി കൗമാരക്കാരുടെ 'ഡോര്‍ കിക്ക് ചലഞ്ച് ', പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പൊലീസിനും തലവേദന