വയാഗ്ര ഇനി അല്‍ഷിമേഴ്‌സിനേയും തടയും

വയാഗ്ര ഇനി അല്‍ഷിമേഴ്‌സിനേയും തടയും

Photo Caption


പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടാണ് വയാഗ്രയെ കുറിച്ച് ഇതുവരെ കേട്ടിരുന്നതെങ്കില്‍ പുതിയൊരു കാര്യം കൂടി ഇതേ ഗുളികയെ കുറിച്ചു പുറത്തുവന്നിരിക്കുന്നു. പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം ചെറിയ നീല ഗുളിക ലൈംഗികതയെ മാത്രമല്ല തലച്ചോറിനേയും ഉദ്ദീപിപ്പിക്കുന്നുവെന്നാണ്. 

ബ്രിട്ടനിലെ 270,000ത്തോളം മധ്യവയസ്‌കരായ പുരുഷന്മാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. ഉദ്ധാരണക്കുറവ് കണ്ടെത്തിയ 40 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പുരുഷന്മാരുടെ ആരോഗ്യം ട്രാക്ക് ചെയ്ത ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയാണ് പുതിയ പഠനത്തിലേക്കെത്തിയത്. ഓരോ പുരുഷന്റെയും ആരോഗ്യവും കുറിപ്പടികളും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ട്രാക്ക് ചെയ്തു. ശരാശരി ഫോളോ-അപ്പ് സമയം 5.1 വര്‍ഷമായിരുന്നു. 2000നും 2017നും ഇടയിലാണ് പഠനം നടത്തിയത്. 

പഠനത്തിനിടെ, സംഘത്തിലെ 1,119 പുരുഷന്മാര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തി. മരുന്ന് നല്‍കാത്ത പുരുഷന്മാരെ അപേക്ഷിച്ച് വയാഗ്ര അല്ലെങ്കില്‍ സമാനമായ മരുന്ന് നിര്‍ദ്ദേശിക്കപ്പെട്ട പുരുഷന്മാര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ഗവേഷകര്‍ ശ്രദ്ധിച്ചു. വയാഗ്ര കൂടുതലായി ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ഇതിലും വലിയ വ്യത്യാസമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഏറ്റവും ഉയര്‍ന്ന ഉപയോക്താക്കളില്‍ അല്‍ഷിമേഴ്സ് രോഗനിര്‍ണയം നടത്താനുള്ള സാധ്യത 44 ശതമാനം കുറവാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഫാര്‍മക്കോ എപ്പിഡെമിയോളജി ലെക്ചറര്‍ റൂത്ത് ബ്രൗവര്‍ പറഞ്ഞു. 

അല്‍ഷിമേഴ്സ് അപകടസാധ്യതയും വയാഗ്രയുടെ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തലുകള്‍ കാണിക്കുന്നു. വയാഗ്രയുടെ ഉപയോഗം മെച്ചപ്പെട്ട മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അടയാളമായിരിക്കാം. കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ കൂടുതല്‍ ശാരീരികമായും സജീവമായിരിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി സ്വതന്ത്രമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബ്രൗര്‍ പറഞ്ഞു.

വയാഗ്രയുടെ പൊതുനാമമായ സില്‍ഡെനാഫില്‍ ഒരിക്കലും ഒരു ലൈംഗിക മരുന്നായിരിക്കാന്‍ പാടില്ലായിരുന്നു. രക്തസമ്മര്‍ദ്ദവും നെഞ്ചുവേദനയും ചികിത്സിക്കുന്നതിനുള്ള ഹൃദയ മരുന്നായി ഫൈസര്‍ ഈ മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു. ചില രോഗികള്‍ അപ്രതീക്ഷിതമായ ഒരു പാര്‍ശ്വഫലം- ഉദ്ധാരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കമ്പനി സില്‍ഡെനാഫില്‍ ഒരു ഹൃദയ മരുന്നായി ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു.

ഫോസ്‌ഫോഡിസ്റ്ററേസ് ടൈപ്പ് 5 ഇന്‍ഹിബിറ്ററുകള്‍ അല്ലെങ്കില്‍ പിഡിഇ-5 മരുന്നുകള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിന്റെ ഭാഗമാണ് വയാഗ്ര. രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും ലിംഗം ഉള്‍പ്പെടെ ശരീരത്തിലുടനീളം രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടാണ് മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ധാരണക്കുറവ് ചികിത്സയായി കണ്ടെത്തിയതു മുതല്‍, സില്‍ഡെനാഫില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശ്വാസകോശ ധമനികളിലെ ഹൈപ്പര്‍ടെന്‍ഷനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു.

ഹൃദയാരോഗ്യവും ലൈംഗികാരോഗ്യവും തമ്മിലുള്ള ബന്ധം ശക്തമാണ്. ഉദ്ധാരണക്കുറവ് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ ആദ്യകാല മുന്നറിയിപ്പ് അടയാളമാണ്. പുരുഷന്മാര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള ഒരു കാരണം അനാരോഗ്യകരമായ വാസ്‌കുലര്‍ സിസ്റ്റമാണ്.

അല്‍ഷിമേഴ്‌സ് രോഗം ഉള്‍പ്പെടെയുള്ള ചിലതരം ഡിമെന്‍ഷ്യയുമായി രക്തക്കുഴലുകളുടെ അപകടസാധ്യത ഘടകങ്ങളും ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ ഉദ്ധാരണക്കുറവ് ചികിത്സകള്‍ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുമോ എന്നതിനെക്കുറിച്ച് ഗവേഷകര്‍ക്ക് ആകാംക്ഷയുണ്ട്.

പിഡിഇ5 ഇന്‍ഹിബിറ്ററുകളെക്കുറിച്ചുള്ള മൃഗ പഠനങ്ങള്‍, തലച്ചോറിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ, ബോധക്ഷയ വൈകല്യം തടയാന്‍ മരുന്ന് സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ലഭ്യമായ ഗവേഷണത്തെക്കുറിച്ച് ഒരു അവലോകനം നടത്തിയ ഗവേഷകര്‍ പറയുന്നത് 'മരുന്നുകളുടെ ഫലപ്രാപ്തി അവ്യക്തമാണ്' എന്നാണ്. മൃഗങ്ങളിലെ കണ്ടെത്തലുകള്‍ മനുഷ്യരില്‍ 'സാധ്യമായ സംവിധാനങ്ങള്‍' മാത്രമാണെന്ന് ബ്രൗര്‍ പറഞ്ഞു.

'മസ്തിഷ്‌കത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കാനായാല്‍, അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'വെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറും സഹ-രചയിതാവുമായ സെവില്‍ യാസര്‍ പറഞ്ഞു. 

ഏറ്റവും പുതിയ പഠനം നിര്‍ണ്ണായകമല്ലെന്നും ഉദ്ധാരണക്കുറവിന് പുരുഷന്‍ ഗുളിക കഴിക്കുന്നുണ്ടോ എന്നതിന് പുറമെ 'മറ്റു പല ഘടകങ്ങളുമുണ്ട്' എന്നതിനാല്‍ പഠനത്തില്‍ നിന്ന് 'നിങ്ങള്‍ക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാനാകില്ല' എന്നാണ് യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജി പ്രൊഫസറായ സ്റ്റാന്റണ്‍ ഹോണിഗ് പറയുന്നത്. 

''70 വയസ്സില്‍ അത്തരത്തിലുള്ള ഗുളിക കഴിക്കാന്‍ സാധ്യതയുള്ള ഒരാള്‍, നേരത്തെ തന്നെ കൂടുതല്‍ സജീവമായിരിക്കും. അവര്‍ പങ്കാളികളുമായി കൂടുതല്‍ ഇടപഴകുക പോലുള്ള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന്'' ഹോണിഗ് പറഞ്ഞു. 

'ആളുകള്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഉദ്ദേശിച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അല്ലെങ്കില്‍ ലൈംഗിക പ്രവര്‍ത്തനമോ ശാരീരിക പ്രവര്‍ത്തനമോ അളക്കാന്‍ കഴിഞ്ഞില്ലെന്നും' ബ്രൗയര്‍ പറഞ്ഞു. ''ഫലങ്ങള്‍ ഉദ്ധാരണക്കുറവ് ഇല്ലാത്ത ഒരു കൂട്ടം പുരുഷന്മാരില്‍ നിലനില്‍ക്കുമോ എന്നും പഠനം പുരുഷന്മാരുടേയും സ്ത്രീകളുടേയും ഗ്രൂപ്പില്‍ നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചുള്ള മുന്‍ പഠനങ്ങള്‍ തികച്ചും വിരുദ്ധമായ നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. സില്‍ഡനാഫില്‍ ഉപയോഗിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗസാധ്യത ഗണ്യമായി കുറച്ചതായി ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് ജീനോം സെന്റര്‍ ഡയറക്ടറും പഠനത്തിന്റെ പ്രധാന അന്വേഷകനുമായ ഫീക്സോങ് ചെങ് പറഞ്ഞു. എന്നാല്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഏജിംഗിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സില്‍ഡനാഫിലിന്റെയോ മറ്റ് പിഡിഇ-5 ഇന്‍ഹിബിറ്ററുകളുടെയോ ഉപയോഗവും അല്‍ഷിമേഴ്സ് രോഗ സാധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഋഷി ദേശായി പറഞ്ഞു. 

വയാഗ്രയും സമാനമായ മരുന്നുകളും അല്‍ഷിമേഴ്സിന്റെ അപകടസാധ്യതയെ സ്വാധീനിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്ന് അല്‍ഷിമേഴ്സ് അസോസിയേഷന്റെ സീനിയര്‍ ഡയറക്ടര്‍ ഓഫ് സയന്റിഫിക് എന്‍ഗേജ്മെന്റ് റെബേക്ക എഡല്‍മയര്‍ പറഞ്ഞു. കൂടുതല്‍ ഗവേഷണവും പ്രത്യേകം രൂപകല്‍പ്പന ചെയ്ത, ക്രമരഹിതമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ആവശ്യമായ ഘട്ടമാണെന്നും വിശദമാക്കി.