എന്താണ് എസ്എഫ്‌ഐ ഇങ്ങനെ?

എന്താണ് എസ്എഫ്‌ഐ ഇങ്ങനെ?

Photo Caption


എസ്എഫ്‌ഐ എന്നറിയപ്പെടുന്ന സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്താണ് ഇങ്ങനെ?  കേട്ടാല്‍ത്തന്നെ തലമരച്ചുപോകുന്ന ക്രൂരത ഒരു സഹ വിദ്യാര്‍ത്ഥിയോട് അതിന്റെ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും എങ്ങനെയാണ് ചെയ്യാന്‍ കഴിയുക? പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യ (അതോ കൊലപാതകമോ) സംബന്ധിച്ച വാര്‍ത്തകള്‍ സാവധാനം പുറത്തുവരുമ്പോള്‍ ആരും ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. 

ആ സംഘടനയ്ക്ക് അങ്ങനെ ആകാനേ കഴിയൂ എന്നതാണ് സത്യം. കാരണം അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രം അത്തരത്തിലുള്ളതാണ്. ചില വ്യക്തികളുടെ ക്രൂരത എന്ന് അതിനെ വെള്ള പൂശാനാവുകയില്ല. 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം' എന്നാണ് സംഘടനയുടെ ആപ്തവാക്യം. എന്നാല്‍ അവയൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത വിദ്യാര്‍ത്ഥി സംഘടന അതുമാത്രമാണ്. 

സിദ്ധാര്‍ഥനു നേരിടേണ്ടിവന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരണമാണ് ഹോസ്റ്റല്‍ അന്തേവാസികളായ 98 വിദ്യാര്‍ഥികളില്‍നിന്നു മൊഴിയെടുത്ത ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലിന്റെ നടുമുറ്റത്ത് സിദ്ധാര്‍ഥനെ നഗ്‌നനാക്കി ഇരുത്തി പരസ്യവിചാരണ നടത്തിയ അക്രമികള്‍, തങ്ങളുടെ ക്രൂരതകള്‍ക്കു സാക്ഷിയാകാന്‍ ഹോസ്റ്റലിലെ മുഴുവന്‍ അന്തേവാസികളെയും വിളിച്ചുവരുത്തി. മുറികളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തി അവരെക്കൊണ്ടും സിദ്ധാര്‍ഥനെ അടിപ്പിച്ചു. അടിക്കാന്‍ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലര്‍ അടിച്ചശേഷം കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. നടുമുറ്റത്തു മാത്രമല്ല, ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറി, വാട്ടര്‍ടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലും സിദ്ധാര്‍ഥനെ എത്തിച്ച് ബെല്‍റ്റുകൊണ്ടു മര്‍ദിച്ചു. പല തവണ ചവിട്ടിത്താഴെയിട്ടു. മുടിയില്‍ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ നല്‍കാതെയാണു 3 ദിവസം തുടര്‍ച്ചയായി സിദ്ധാര്‍ഥനെ പീഡിപ്പിച്ചു.

ഇതെല്ലാം സ്ഥിരീകരിക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥിന്റെ ആന്തരാവയവങ്ങളില്‍ ഭക്ഷണത്തിന്റെയോ വെള്ളത്തിന്റെയോ അംശങ്ങള്‍ ഉണ്ടായിരുന്നില്ല. ദേഹത്ത് ഉടനീളം 2-3 ദിവസത്തെ പഴക്കമുള്ള ഒട്ടേറെ പരിക്കുകള്‍ ഉണ്ടായിരുന്നു. പലയിടത്തും 1.5 സെന്റീമീറ്റര്‍ വരെ വീതിയുള്ള ചതവുണ്ടായിരുന്നു. അക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് പോയ കൂട്ടുകാരനെ കൂട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി ഫോണ്‍ പിടിച്ചുവച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുളിമുറിയില്‍ കെട്ടിത്തൂക്കിയെന്നാണ് സംസ്‌കാരത്തിന് എത്തിയ ചില സഹപാഠികള്‍ സിദ്ധാര്‍ഥിന്റെ പിതാവിനോടു പറഞ്ഞത്. മര്‍ദ്ദനത്തിനിടയില്‍ മരിച്ചതിനാല്‍ ശരീരം കെട്ടിത്തുക്കിയതുമാകാം.

എന്തിനായിരുന്നു പീഡനം? വാലന്റൈന്‍സ് ദിനത്തില്‍ ഡാന്‍സ് കളിച്ചത് യൂണിറ്റ് സെക്രട്ടറി സിന്‍ജോയ്ക്ക് ഇഷ്ടമായില്ല. ചോദ്യം ചെയ്തു. ഉന്തുംതള്ളുമുണ്ടായി. അതിനു ബലം പോരെന്നു തോന്നിയതുകൊണ്ടാകാം ഒരു മുസ്ലീം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കഥയുണ്ടാക്കി. പക്ഷേ, സിദ്ധാര്‍ഥന്‍ മരിച്ചതിനുശേഷമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. അതുതന്നെ സംശയാസ്പദമാണ്. സിദ്ധാര്‍ത്ഥനു മരണം സംഭവിച്ചിരുന്നില്ലെങ്കില്‍ പീഡനവാര്‍ത്ത പുറത്തറിയാതെ പോകുമായിരുന്നു. ഏതാനും കുട്ടികള്‍, അതും അന്യ സംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍, പോടിച്ചുപേടിച്ചെങ്കിലും മര്‍ദ്ദനവിവരം ബന്ധുക്കളോട് വെളിപ്പെടുത്തുകയായിരുന്നു. അത്തരം ഭീകരാന്തരീക്ഷം എസ്എഫ്‌ഐക്കാര്‍ അവിടെ സൃഷ്ടിച്ചിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ല എന്ന് എസ്എഫ്‌ഐ നേതാക്കള്‍ മാത്രമല്ല, കായികാധ്യാപകന്‍ വരെ കുട്ടികള്‍ക്കു മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ അക്കാദമിക് കരിയര്‍ തീര്‍ത്തുകളയുമെന്നാണ് ഡീന്‍ എം.കെ. നാരായണന്‍ പറഞ്ഞു.സംഭവിച്ചത് തൂങ്ങിമരണമാണെന്ന് പറയണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി. നാലു ദിവസത്തിനുശേഷം നടന്ന അനുശോചന സമ്മേളനത്തിലും അതാവര്‍ത്തിച്ചു. ഉണ്ടായത് 'ആക്‌സിഡന്റ്' ആണെന്നും ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ടതില്ലെന്നും ഡീന്‍ പറഞ്ഞു. മലയാളം അറിയാത്ത വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലിഷിലും ആവര്‍ത്തിച്ചു.

എസ്എഫ്‌ഐക്ക് സിപിഎം അനൂകൂല അദ്ധ്യാപക സംഘടനയുടെ പിന്തുണയോ മൗനാനുവാദമോ ഉണ്ടായിരുന്നു. ഡീനും വാര്‍ഡനും ഹോസ്റ്റലിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. പീഡനം നടക്കുന്നത് ഇവരെല്ലാം കണ്ടിട്ടുപോയി എന്നാണ് സിദ്ധാര്‍ഥന്റെ കൂട്ടുകാര്‍ പറഞ്ഞത്. തീര്‍ന്നില്ല, പോലീസ് വന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനു മുമ്പ് ഡീനും പ്രതികളും ചേര്‍ന്ന് നിയമവിരുദ്ധമായി ശരീരം അഴിച്ചിറക്കി ആശുപത്രിയില്‍ കൊണ്ടുപോയി. ഉച്ചയ്ക്ക് നടന്ന സംഭവം പൊലീസിനെ അറിയിച്ചത് വൈകിട്ടാണ്. അതിനിടയില്‍ പരമാവധി തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടാകാം. 

എസ്എഫ്‌ഐ രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യമില്ല, ജനാധിപത്യവും. അവര്‍ക്ക് ആധിപത്യമുള്ള കോളജില്‍ വേറെ സംഘടനയുണ്ടാവില്ല. മറ്റു സംഘടനകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുമില്ല. ആരെങ്കിലും ശ്രമിച്ചാല്‍ അവരെ തല്ലിയൊതുക്കും. വിദ്യാര്‍ത്ഥി സംഘട്ടനങ്ങളുടെ കാതല്‍ അതാണ്. ജനാധിപത്യം വേണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള സംഘടനകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. നീതിയുക്തമായ തെരഞ്ഞെടുപ്പുകള്‍ നടക്കണം.

കമ്യൂണിസം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. തോക്കില്‍കുഴലിലൂടെ അധികാരം പിടിച്ചെടുത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സര്‍വ്വാധിപത്യം ആരുടേതായാലും, അത് ഒരു വര്‍ഗ്ഗത്തിന്റേതായാലും പാര്‍ട്ടിയുടേതായാലും വ്യക്തിയുടേതായാലും, സര്‍വ്വാധിപത്യമാണ്. അവിടെ ജനാധിപത്യമില്ല. എവിടെയൊക്കെ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയിട്ടുണ്ടോ അവിടെയൊക്കെ പാര്‍ട്ടി സര്‍വ്വാധിപത്യം വരുകയും അത് പിന്നീട് വ്യക്തിയുടെ ഏകാധിപത്യമായി മൂറുകയുമാണ് ചെയ്തത്: റഷ്യയില്‍ ലെനിനും സ്റ്റാലിനും, ചൈനയില്‍ മാവോ സെഡോങ്ങ്, കംബോഡിയയില്‍ പോള്‍ പോട്ട്, ക്യൂബയില്‍ കാസ്‌ട്രോ സഹോദരന്മാര്‍, ഉത്തര കൊറിയയില്‍ കിമ്മിനന്റെ കുടുംബം.... ഒരിടത്തും ജനാധിപത്യം മുളപോട്ടിയില്ല.

ജനാധിപത്യ രാജ്യമായി രൂപംകൊണ്ട ഇന്ത്യയില്‍ തോക്കിന്‍കുഴലിലൂടെ വിപ്ലവം സാദ്ധ്യമാവുകയില്ലെന്ന തിരിച്ചറിവിന്റെ ഭാഗമായി ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ കൈക്കൊണ്ട 'അടവുനയ'മാണ് ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക എന്നത്. അക്കാര്യത്തില്‍ ലോകത്ത് ആദ്യമായി കേരളത്തില്‍ അവര്‍ വിജയം കാണ്ടു. പിന്നീട് ബംഗാളിലും ത്രിപുരയിലുമെല്ലാം കമ്യൂണിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി. പക്ഷേ, അവര്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലും വിശ്വസിക്കുന്നവരല്ല. സായുധ വിപ്ലവത്തിലുടെ അധികാരത്തിലെത്തുവോളം മാത്രമേ അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായിരിക്കുകയുള്ളു. വിപ്ലവം വിജയിച്ചാല്‍ പിന്നെ സര്‍വ്വാധിപത്യമായിരിക്കും. അതിനവര്‍ക്ക് സാധിക്കും എന്നു തോന്നുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷയിച്ചുവരുകയാണ്. അത് ഇന്ത്യയുടെ സുകൃതം.

കമ്യൂണിസ്റ്റ് ഏകാധിപതികള്‍ അധികാരം നിലനിറുത്താന്‍ കൂട്ടക്കൊലകള്‍ നടത്തി. 'ദ ഗ്രേറ്റ് പേര്‍ജ്' എന്ന പേരില്‍ 1936-38 കാലഘട്ടത്തില്‍ റഷ്യയില്‍ നടന്ന 'ശുദ്ധീകരണ'ത്തില്‍ 7 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. സ്റ്റാലിനെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്ത കേന്ദ്ര പാര്‍ട്ടി നേതൃത്വം, പഴയ ബോള്‍ഷെവിക്കുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക പാര്‍ട്ടി മേധാവികള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരെ തടവിലാക്കുകയോ വധിക്കുകയോ ചെയ്തു. ഒടുവില്‍, ശുദ്ധീകരണം റെഡ് ആര്‍മിയിലേക്കും സൈനിക മേധാവികളിലേക്കും നീണ്ടു. തടവ്, പീഡനം, അക്രമാസക്തമായ ചോദ്യം ചെയ്യല്‍, വധശിക്ഷകള്‍ എന്നിവ വഴി ഭയം ജനിപ്പിച്ച് സാധാരണക്കാരുടെ മേലുള്ള നിയന്ത്രണം ശക്തിപ്പെടുത്തി. 

'ദ ഗ്രേറ്റ് പ്രോലറ്റേറിയന്‍ കള്‍ച്ചറല്‍ റവല്യൂഷന്‍' എന്ന പേരില്‍ മാവോ തുടങ്ങിവച്ച ശുദ്ധീകരണ പ്രക്രിയയില്‍ പത്തു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടു. ഗുവാങ്‌സിയിലെ കൂട്ടക്കൊലയും ബീജിംഗ്, ഇന്റര്‍ മംഗോളിയ, ഗ്വാങ്‌ഡോംഗ്, യുനാന്‍, ഹുനാന്‍ എന്നിവിടങ്ങളിലെ കൂട്ടക്കൊലകളും അതിലുള്‍പ്പെടുന്നു. 1966 മുതല്‍ മാവോയുടെ മരണം വരെ നീണ്ടുനിന്ന ശുദ്ധീകരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ചൈനീസ് സമൂഹത്തില്‍ നിന്ന് മുതലാളിത്തവും പരമ്പരാഗതവുമായ ഘടകങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കമ്മ്യൂണിസത്തെ സംരക്ഷിക്കുക എന്നതായിരുന്നു. അതു പരാജയപ്പെട്ടെങ്കിലും മാവോയുടെ നേതൃത്വം ഉറപ്പിച്ചു. 

കംബോഡിയയില്‍ പ്രധാനമന്ത്രി പോള്‍ പോട്ടിന്റെ കമ്യൂണിസ്റ്റ് ഭരണകൂടം 1975 മുതല്‍ 1979 വരെ 1.5 - 2 ദശലക്ഷം (രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 25%) കംബോഡിയന്‍ പൗരന്മാരെ ആസൂത്രിതമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. വെടിയുണ്ട ലാഭിക്കാന്‍ മഴു കൊണ്ട് കൊല ചെയ്ത് കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തു. 2009ല്‍ 23,745 കൂട്ട ശവക്കുഴികള്‍ മാപ്പ് ചെയ്തിട്ടുണ്ട്.

ഇതേപോലെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുമെന്ന് തിരിച്ചറിയുക. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം പത്തിമടക്കി കഴിയുന്നു എന്നു മാത്രം. ഇതേ ആശയഗതി പേറുന്ന എസ്എഫ്‌ഐ ഗുണ്ടകള്‍ കലാലയങ്ങളില്‍ സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെയുള്ള ലേബലില്‍ അക്രമം നടത്തുന്നതില്‍ എന്തിന് അതിശയിക്കണം?