ഗാസ: പത്തൊന്‍പതു മാസമായി ഹമാസ് ബന്ദിയാക്കിയിരുന്ന അമേരിക്കന്‍ വംശജനായ ഇസ്രയേലി പൗരന്‍ ഏദന്‍ അലക്‌സാണ്ടര്‍ മോചിതനായി. ഇസ്രയേല്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പത്തൊന്‍പതു മാസം മുമ്പ് ഏദനെ ഹമാസ് പിടികൂടി ബന്ദിയാക്കിയത്.
വരും ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായാണ് ഏദന്റെ മോചനം നടന്നതെന്നും സൂചനയുണ്ട്. ഹമാസ് മോചിപ്പിച്ച ഏദനെ ഇസ്രയേല്‍ സൈനിക കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നും മാതാപിതാക്കളെ കാണാന്‍ അവസരമൊരുക്കുകയായിരുന്നു.
ഏദന്റെ മോചനത്തില്‍ ഇടപെട്ട യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം ഹമാസ് മോചിപ്പിക്കുന്ന ആദ്യത്തെ ബന്ദിയാണ് ഏദന്‍.
തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്കാണ് ഏദനെ ഹമാസ് കൈമാറിയത്. റെഡ് ക്രോസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഗാസയിലെ ഇസ്രയേല്‍ അധികാരികള്‍ക്ക് കൈമാറുകയായിരുന്നു. ഹമാസിനെതിരായ സൈനിക സമ്മര്‍ദ്ദവും പ്രസിഡന്റ് ട്രംപ് ചെലുത്തിയ രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് ഏദന്റെ മോചനം സാധ്യമാക്കിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗാസയില്‍ സൈനിക നടപടികള്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ തുടരാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്നും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാലസ്തീന്‍ ഒരു രാഷ്ട്രമായി ട്രംപ് അംഗീകരിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ഏദനെ ഹമാസ് മോചിപ്പിച്ചത് എന്നും വാര്‍ത്തകളുണ്ട്. നിലവില്‍ ഗാസ വിഷയത്തില്‍ ട്രംപ് ഇസ്രയേലുമായി ആശയവിനിമയം നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യമാണുള്ളത്.