നയത്തില്‍ മാറ്റമില്ല: ജമ്മു കശ്മീര്‍ ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി പ്രശ്നമെന്ന് വിദേശകാര്യ മന്ത്രാലയം

നയത്തില്‍ മാറ്റമില്ല: ജമ്മു കശ്മീര്‍ ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി പ്രശ്നമെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ പരോക്ഷമായി നിരസിച്ചു.

മൂന്നാം കക്ഷി പങ്കാളിത്തമില്ലാതെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചത്.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ സംബന്ധിച്ച ഏതൊരു പ്രശ്നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷിയായി പരിഹരിക്കണമെന്ന ദീര്‍ഘകാല ദേശീയ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും ആ പ്രഖ്യാപിത നയത്തില്‍ മാറ്റമില്ലെന്നും ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ ജയ്സ്വാള്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നമായി തുടരുന്നതായി ജയ്സ്വാള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുകിട്ടുക എന്നതാണ് പ്രധാന കാര്യമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ആവര്‍ത്തിച്ചു.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വ്യാപാര കരാറുകളൊന്നും ഇന്ത്യ വ്യക്തമാക്കുന്നില്ല. ഇന്ത്യയെയും പാകിസ്ഥാനെയും സമാധാനത്തിലേക്ക് എത്തിക്കാന്‍ വ്യാപാര പ്രോത്സാഹനങ്ങള്‍ ഉപയോഗിച്ചുവെന്ന ട്രംപിന്റെ വാദത്തിന് മറുപടിയായി അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭാഷണങ്ങളിലൊന്നും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തമ്മിലുള്ള മെയ് 9ലെ കോളിനെ പരാമര്‍ശിച്ച് ജയ്സ്വാള്‍ പറഞ്ഞു.

മെയ് 10ന് ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡി ജി എം ഒ) തമ്മില്‍ നേരിട്ടുള്ള സൈനിക ആശയവിനിമയത്തിലൂടെയാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയതെന്ന് ഇന്ത്യ പറഞ്ഞു. യു എസല്ല, പാകിസ്ഥാനാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്നും ന്യൂഡല്‍ഹി പറയുന്നു.

എന്നാല്‍ വ്യാപാര സമ്മര്‍ദ്ദം സമാധാന ചര്‍ച്ചകള്‍ക്ക് സഹായിച്ചതായി ട്രംപ് അവകാശപ്പെടുന്നു. 

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ കരാര്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സാമാന്യബുദ്ധിയും മികച്ച ബുദ്ധിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ എന്നു കുറിക്കുകയായിരുന്നു. 

ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വം അചഞ്ചലവും ശക്തവുമായിരുന്നുവെന്ന്  അറിയിക്കുന്നതില്‍ വളരെ അഭിമാനമുണ്ടെന്നും അതില്‍ തങ്ങള്‍ വളരെയധികം സഹായിച്ചതായും വ്യാപാരത്തിലും തങ്ങള്‍ സഹായിച്ചുവെന്നും ധാരാളം വ്യാപാരം നടത്താന്‍ പോകുന്നതായി താന്‍ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.