മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം

മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം


ഗാസ: തെക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒക്ടോബറില്‍ ഇസ്രായേല്‍ സൈന്യം യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ ഹമാസ് നേതൃത്വത്തിലെത്തിയത്. 

ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ ആറ് പാലസ്തീനികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ആക്രമണം നടത്തിയതായി പറഞ്ഞു. ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങളിലെ 'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെ ഹമാസ് പ്രവര്‍ത്തകരെ' ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ പറഞ്ഞു. 

ആശുപത്രിയുടെ മുറ്റത്ത് ഒന്നിലധികം വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി നഴ്‌സിംഗ് മേധാവി ഡോ. സാലിഹ് അല്‍ ഹംസ് പറഞ്ഞു. ചില ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കുള്ളിലെ സുരക്ഷിത യൂണിറ്റുകളിലേക്ക് രോഗികളെ മാറ്റാന്‍ മെഡിക്കല്‍ ടീമുകള്‍ ശ്രമം നടത്തി. 

ഗാസയില്‍ സമീപ ആഴ്ചകളില്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. 

സിന്‍വാറിനെക്കുറിച്ചുള്ള ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ ഹമാസ് നിരസിച്ചു.

ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി അമേരിക്കന്‍ എഡാന്‍ അലക്‌സാണ്ടറെ ഹമാസ് സ്വതന്ത്രനാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് സിന്‍വാറിനെ ഇസ്രായേല്‍ ലക്ഷ്യം വച്ചത്. 

ദോഹയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് മുഹമ്മദ് സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.