ന്യൂഡല്‍ഹി: തിരിച്ചറിയലും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇ-പാസ്പോര്‍ട്ട് ആരംഭിച്ചു. പുതുതായി പുറത്തിറക്കിയ പാസ്പോര്‍ട്ടുകള്‍ നൂതന ഇലക്ട്രോണിക് പാസ്പോര്‍ട്ട് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചു.
പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം (പി എസ് പി) പതിപ്പ് 2.0നൊപ്പം പൈലറ്റ് സംരംഭത്തിന്റെ ഭാഗമായാണ് ഇ-പാസ്പോര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. 2024 ഏപ്രില്‍ 1ന് പരിപാടി പ്രവര്‍ത്തനക്ഷമമായി.
നാഗ്പൂര്‍, ഭുവനേശ്വര്‍, ജമ്മു, ഗോവ, ഷിംല, റായ്പൂര്‍, അമൃത്സര്‍, ജയ്പൂര്‍, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത്.
രാജ്യവ്യാപകമായി ആരംഭിക്കുന്നതിന്റെ ആദ്യ ഘട്ടം മാത്രമാണിതെന്ന് വിദേശകാര്യ മന്ത്രാലയം (എം ഇ എ) അറിയിച്ചു. 2025 മധ്യത്തോടെ ഇന്ത്യയിലുടനീളമുള്ള എല്ലാ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുതായി ആരംഭിച്ച ഇ-പാസ്പോര്‍ട്ടുകളില്‍ ആന്റിനയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) ചിപ്പും ഉണ്ട്. ഈ സവിശേഷത പാസ്പോര്‍ട്ടിനെ സാധാരണ പാസ്പോര്‍ട്ടുകളില്‍ നിന്ന് എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. മുന്‍ കവറിനു താഴെയായി അച്ചടിച്ചിരിക്കുന്ന ഒരു സ്വര്‍ണ്ണ നിറത്തിലുള്ള ചിഹ്നവും ഇതിനുണ്ട്.