ധാക്ക: ഇസ്‌കോണിന് എതിരെ ബംഗ്ലാദേശ് നടപടി കടുപ്പിച്ചു. ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യം മരവിപ്പിച്ചു.
ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്. 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി.
ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപിക്കുകയായിരുന്നു. രാജ്യദ്രോഹ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷിയസ്‌നെസ് (ഇസ്‌കോണിലെ) ആത്മീയ നേതാവ് ചിന്‍മയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യംബംഗ്ലാദേശ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പൊലീസും കൃഷ്ണദാസ് അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്‌ലാം അലിഫ് കൊല്ലപ്പെട്ടിരുന്നു.
വര്‍ഗ്ഗീയമായതോ സംഘര്‍ഷമുണ്ടാക്കുന്നതോ ആയ യാതൊരു നടപടികൡലും തങ്ങളുടെ സംഘടന ഒരിക്കലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്‌കോണ്‍ ബംഗ്ലാദേശ് ജനറല്‍ സെക്രട്ടറി ചാരു ചന്ദ്രദാസ് ബ്രഹ്മചാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിന്മയ് കൃഷ്ണദാസ് സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചതിന് നേരത്തെ പുറത്താക്കിയതാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌കോണുമായി ബന്ധപ്പെട്ടതല്ലെന്നും ചാരു ചന്ദ്രദാസ് ബ്രഹ്മചാരി കൂട്ടിച്ചേര്‍ത്തു.