പിടിച്ചുവെച്ചിരുന്ന 500 പൗണ്ട് ബോംബുകള്‍ ഇസ്രായേലിന് നല്‍കാന്‍ സമ്മതിച്ച് ബൈഡന്‍ ഭരണകൂടം

പിടിച്ചുവെച്ചിരുന്ന 500 പൗണ്ട് ബോംബുകള്‍ ഇസ്രായേലിന് നല്‍കാന്‍ സമ്മതിച്ച് ബൈഡന്‍ ഭരണകൂടം


വാഷിംഗ്ടണ്‍: രണ്ട് മാസം മുമ്പ് താല്‍ക്കാലികമായി പിടിച്ചുവച്ചിരുന്ന 500 പൗണ്ട് ബോംബുകള്‍ അടക്കമുള്ള ശക്തിയേറിയ ആയുധങ്ങള്‍ ഇസ്രായേലിലേക്ക് അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം അനുവാദം നല്‍കിയതായി യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റാഫ നഗരത്തില്‍ ഇസ്രായേല്‍ 2, 000 പൗണ്ടിന്റെയും 500 പൗണ്ടിന്റെയും ബോംബുകള്‍ പ്രയോഗിച്ചെന്ന ആശങ്കകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നേരത്തെ അമേരിക്ക ഈ കനത്ത ആയുധങ്ങളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

2, 000 പൗണ്ട് ഭാരമുള്ള ബോംബുകളുടെ ഒരു കയറ്റുമതി ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്.

500 പൗണ്ട് ശേഷിയുള്ള ബോംബ് കയറ്റുമതിക്ക് പച്ചക്കൊടി കാണിച്ചതായി വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

'ആ ബോംബുകളുടെയും ജനസംഖ്യാ കേന്ദ്രങ്ങളെ ആക്രമിക്കുന്ന ഇസ്രായേല്‍ രീതികളുടെയും അനന്തരഫലമായാണ് ഗാസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന് താല്‍ക്കാലിക വിരാമം പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം 2,000 പൌണ്ട് ബോംബുകളെ പരാമര്‍ശിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ സിഎന്‍എന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജനസാന്ദ്രതയുള്ള പ്രദേശത്ത് 500 പൗണ്ട് ബോംബുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് യുഎസ് ആശങ്കപ്പെട്ടിരുന്നില്ല. എന്നാല്‍ കയറ്റുമതിയില്‍ ഒന്നിലധികം ആയുധങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് രണ്ട് തരത്തിലുള്ള ബോംബുകളും പിടിച്ചുവച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റാഫയിലും ഗാസയിലെ മറ്റിടങ്ങളിലും 2,000 പൗണ്ട് ബോംബുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ഞങ്ങളുടെ പ്രധാന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അതിനൊപ്പമുള്ള 500 പൌണ്ട് ബോംബുകളും പിടിച്ചുവെച്ചെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞങ്ങളുടെ ആശങ്ക 500 പൗണ്ട് ബോംബുകളെക്കുറിച്ചല്ലാത്തതിനാല്‍, അവ സാധാരണ പ്രക്രിയയുടെ ഭാഗമായി ഇപ്പോള്‍ മുന്നോട്ട് പോവുകയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.