കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഏറ്റവും വിശ്വസ്ത സഹായിയും രാഷ്ട്രപതി ഭവനിലെ ശക്തി കേന്ദ്രവുമായിരുന്ന ആന്‍ഡ്രി യെര്‍മാക് രാജിവെച്ചതായി സെലെന്‍സ്‌കി പ്രഖ്യാപിച്ചു. അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ യെര്‍മാക്കിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് ഈ രാജി.
യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് പുനഃസംഘടിപ്പിക്കുമെന്നും ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെലെന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ അറിയിച്ചു. പകരക്കാരനെ തെരഞ്ഞെടുക്കുന്നതിന് ശനിയാഴ്ച നിര്‍ണായക കൂടിയാലോചനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യര്‍മാക്കിന്റെ രാജി സെലെന്‍സ്‌കിക്ക് വലിയ തിരിച്ചടിയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈനികര്‍ ശക്തമായ മുന്നേറ്റം തുടരുന്നുണ്ടെങ്കിലും സമാധാനത്തിനായി അമേരിക്ക അപ്രതീക്ഷിതമായി അവതരിപ്പിച്ച പദ്ധതി മോസ്‌കോക്ക് അനുകൂലമായതിനാല്‍ അതിനെച്ചൊല്ലി പ്രതികരണങ്ങളും ഉയരുകയാണ്.
രാജിക്ക് വെറും ഒരാഴ്ച മുന്‍പ് മാത്രമാണ് 54 വയസ്സുള്ള യെര്‍മാക്കിനെ യു എസ് സമാധാന പദ്ധതിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നയിക്കുന്ന യുക്രെയ്ന്‍ പ്രതിനിധിയായി സെലെന്‍സ്‌കി നിയമിച്ചത്. വിമര്‍ശകര്‍ അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിലും സെലെന്‍സ്‌കി തന്റെ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം, രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഊര്‍ജ്ജ മേഖലയിലെ 100 മില്യണ്‍ ഡോളറിന്റെ കിക്ക്ബാക്ക് അഴിമതി പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ വെളിപ്പെടുത്തിയതോടെ രാജ്യത്ത് വ്യാപകമായ ജനക്ഷോഭം ഉയര്‍ന്നിരുന്നു. റഷ്യ പവര്‍ ഗ്രിഡിനെ തുടര്‍ച്ചയായി ആക്രമിക്കുന്നതിനിടെ ശീതകാലത്ത് ജനങ്ങള്‍ വൈദ്യുതി മുടക്കവും തണുപ്പും നേരിടുമ്പോഴായിരുന്നു ഈ കണ്ടെത്തല്‍.
നാഷണല്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഔദ്യോഗിക പ്രസ്താവനയില്‍ സ്‌പെഷ്യലൈസ്ഡ് ആന്റി കറപ്ഷന്‍ പ്രോസിക്യൂട്ടര്‍സ് ഓഫീസുമായി ചേര്‍ന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവിയുടെ വസതിയില്‍ അന്വേഷണ നടപടികള്‍ (റെയ്ഡുകള്‍) നടത്തുകയാണെന്ന് അറിയിച്ചു. റെയ്ഡിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല. നടപടികള്‍ നിയമാനുസൃതമായി അനുവദിച്ചിരിക്കുന്നതും നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായും തുടരുന്നതുമാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
